ആദ്യ കടമ്പയില്‍ റൈഡേഴ്‌സ്

single-img
4 April 2013

ആറാമത് ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ആദ്യ മത്സരത്തില്‍ നിലവിലെ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനു വിജയം. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ 6 വിക്കറ്റിനാണ് കൊല്‍ക്കത്ത ടീം തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ഡെയര്‍ ഡെവിള്‍സ് 128 റണ്‍സിനു പുറത്തായി. മറുപടിയായി നാലു വിക്കറ്റ് നഷ്ടത്തില്‍ 18.4 ഓവറില്‍ നൈറ്റ് റൈഡേഴ്‌സ് ലക്ഷ്യം മറികടന്നു. league5

റൈഡേഴ്‌സിന്റെ ഹോം ഗ്രൗണ്ടില്‍ ടോസ്സ് ഭാഗ്യം തുണച്ച ക്യാപ്റ്റന്‍ ഗൗതം ഗംഭീര്‍ ഡെല്‍ഹിയെ ബാറ്റിങ്ങിനയച്ചു. സുനില്‍ നരൈന്റെ നേതൃത്വത്തില്‍ കൊല്‍ക്കത്തയുടെ ബൗളിങ്ങ് നിര ആഞ്ഞടിച്ചപ്പോള്‍ ഡല്‍ഹിയുടെ ബാറ്റിങ്ങ് നിര ചീട്ടുകൊട്ടാരം പോലെ തകരുന്നു വീണു. നാല് ഓവറില്‍ 13 റണ്‍സ് വിട്ടു നല്‍കി സുനില്‍ നരൈന്‍ ഡെവിള്‍സിന്റെ നാലു വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ഡെല്‍ഹിയ്ക്ക് വേണ്ടി ക്യാപ്റ്റന്‍ മഹേല ജയവര്‍ദ്ധന അര്‍ധ സെഞ്ച്വറി നേടിയെങ്കിലും മറ്റാര്‍ക്കും കൂടുതല്‍ പൊരുതി നില്‍ക്കാനായില്ല. 52 പന്തില്‍ നിന്നാണ് ജയവര്‍ദ്ധന 66 റണ്‍സ് നേടിയത്. അദേഹത്തിനു പുറമെ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍(21) മാത്രമാണ് രണ്ടക്കം കടന്നത്. ഡെല്‍ഹി നേരിട്ട ആദ്യ പന്തില്‍ തന്നെ ഓപ്പണര്‍ ഉന്മുക്ത് ചന്ദിന്റെ വിക്കറ്റ് വീഴ്ത്തി ബ്രെറ്റ് ലീയാണ് തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. ലീ രണ്ടു വിക്കറ്റ് നേടി. രജത് ഭാട്ടിയയും രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബാലാജി ഒരു വിക്കറ്റ് സ്വന്തമാക്കി.
താരതമ്യേന ദുര്‍ബലമായ വിജയ ലക്ഷ്യം നേടാന്‍ ഇറങ്ങിയ കൊല്‍ക്കത്തയ്ക്ക് ഓപ്പണര്‍ മന്‍വീന്ദര്‍ ബിസ്ലയുടെ വിക്കറ്റഅ രണ്ടാം ഓവറില്‍ തന്നെ നഷ്ടമായെങ്കിലും നായകന്‍ ഗൗതം ഗംഭീര്‍ (41) മുന്നില്‍ നിന്ന് തന്നെ നയിച്ചു. 29 പന്തില്‍ നിന്നും 41 റണ്‍സുമായി ഗംഭീര്‍ പുറത്താകുമ്പോള്‍ ടീം സുരക്ഷിത തീരത്തെത്തിയിരുന്നു. ജാക്ക് കാലിസും(23) മനോജ് തിവാരിയും(23) ഇയാന്‍ മോര്‍ഗനും(14) യൂസഫ് പത്താനും(18) തങ്ങളുടെ റോളുകള്‍ ഭംഗിയായി നിര്‍വഹിച്ച് ടീമിന് അര്‍ഹിച്ച വിജയം നേടിക്കൊടുത്തു.