സൂര്യനാല്‍ പറക്കും വിമാനം

single-img
3 April 2013

സൂര്യകിരണങ്ങളെ മാത്രം ആശ്രയിച്ചു കൊണ്ട് പറക്കാന്‍ കഴിയുന്ന വിമാനം അമേരിക്കന്‍ ആകാശവീഥികളെ കീഴടക്കാനൊരുങ്ങുന്നു. പൂര്‍ണ്ണമായും സോളാര്‍ പാനലില്‍ നിന്നും ബാറ്ററി ചാര്‍ജില്‍ നിന്നും മാത്രമുള്ള ഇന്ധനമാണ് ഈ വിമാനം പറക്കാനായി ഉപയോഗിക്കുന്നത്. ലോകത്തില്‍ സൗരോര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ആദ്യ വിമാനമാണിത്. മെയ് ഒന്നിന് കാലിഫോര്‍ണിയയിലെ മൊഫറ്റ് ഫീല്‍ഡ് വ്യോമത്താവളത്തില്‍ നിന്നും ന്യൂയോര്‍ക്കിലേയ്ക്കാണ് വിമാനത്തിന്റെ ആദ്യ അമേരിക്കന്‍ യാത്ര.

സ്വിറ്റ്‌സര്‍ലന്‍ഡ് പൈലറ്റുമാരായ ബെര്‍ട്രാന്‍ഡ് പികാര്‍ഡ്, ആന്‍ഡ്രേ  ബോഷ്ബര്‍ഗ് എന്നിവര്‍ പത്തുവര്‍ഷത്തെ ശ്രമത്തിനൊടുവിലാണ് ഈ അള്‍ട്രാ ലൈറ്റ്‌വെയ്റ്റ് വിമാനം യാഥാര്‍ത്ഥ്യമാക്കിയത്.

‘ മെയ് ഒന്നിന് ഒരു പൈലറ്റുമായാണ് വിമാനം പറക്കുന്നത്. യാത്രക്കാരാരുമില്ലെങ്കിലും ഒരുപാട് സന്ദേശങ്ങള്‍ വിമാനം വഹിക്കുന്നുണ്ടാകും. 200 യാത്രക്കാരെയും കൊണ്ട് പറക്കുന്ന ഒരു സോളാര്‍ വിമാനത്തെക്കുറിച്ച് ഇന്ന് നമുക്ക് ചിന്തിക്കാന്‍ പ്രയാസമാണ്. ഈ അവസ്ഥ തന്നെയാണ് 1903 ല്‍ ആദ്യ വിമാനം നിര്‍മ്മിക്കുന്നതിനു മുന്‍പും ഉണ്ടായിരുന്നത്. ‘ സോളാര്‍ വിമാനത്തെക്കുറിച്ച് നിര്‍മ്മാതാക്കളില്‍ ഒരാളായ പികാര്‍ഡ് പറഞ്ഞു.
വിമാനത്തിന്റെ ചിറകുകള്‍ക്ക് 747 ജെറ്റ്‌ലൈനറുടേതിനു സമാനമായ വലിപ്പവും ഒരു സ്റ്റേഷന്‍ വാഗന്റെ ഭാരവും ഒരു ചെറിയ സ്‌കൂട്ടറിന്റെ ശക്തിയുമാണ് ഉള്ളത്. ചിറകുകളില്‍ ക്രമീകരിച്ചിരിക്കുന്ന സോളാര്‍ പാനലുകള്‍ വഴി ശേഖരിക്കപ്പെടുന്ന സൗരോര്‍ജ്ജം ലിഥിയം പോളിമര്‍ ബാറ്ററികളില്‍ സൂക്ഷിച്ച് രാത്ര സമയങ്ങളിലും ഇന്ധന ക്ഷാമം ഇല്ലാതെ വിമാനം പറത്താവുന്നതാണ്.
ലോകം മുഴുവന്‍ കറങ്ങാന്‍ കഴിയുന്ന സോളാര്‍ വിമാനം നിര്‍മ്മിക്കണമെന്ന സോളാര്‍ ഇംപള്‍സ് ടീമിന്റെ ആത്യന്തിക ലക്ഷ്യത്തിന്റെ ആദ്യ പടിയാണ് ഈ വിമാനം. 2010 ല്‍ 26 മണിക്കൂറും 2012 ല്‍ സ്വിറ്റ്‌സര്‍ലന്‍ഡ് മുതല്‍ മൊറോക്കോ വരെയും ഈ വിമാനം പറന്നിരുന്നു.