പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ രവിയും അഹമ്മദും സൗദിക്ക്

single-img
2 April 2013

vayalar-raviസൗദി അറേബ്യയിലെ സ്വദേശിവത്കരണവുമായി ബന്ധപ്പെട്ട പ്രവാസികളുടെ പ്രശ്‌നത്തിനു രമ്യമായ പരിഹാരം തേടി പ്രവാസികാര്യമന്ത്രി വയലാര്‍ രവിയും വിദേശകാര്യ സഹമന്ത്രി ഇ. അഹമ്മദും സൗദിയിലേക്ക്. പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗുമായി ഇന്നലെ നടത്തിയ ചര്‍ച്ചയുടെ തുടര്‍ച്ചയായി വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദുമായി താനും അഹമ്മദും ഇന്നു ചര്‍ച്ച നടത്തി സൗദി യാത്രയുടെ വിശദാംശങ്ങള്‍ തീരുമാനിക്കുമെന്നു വയലാര്‍ രവി പറഞ്ഞു. കേരളത്തില്‍നിന്നുള്ള കേന്ദ്രമന്ത്രിമാരായ വയലാര്‍ രവി, ഇ. അഹമ്മദ്, കെ.സി. വേണുഗോപാല്‍, കൊടിക്കുന്നില്‍ സുരേഷ്, ശശി തരൂര്‍ എന്നിവര്‍ ഇന്നലെ രാത്രി രവിയുടെ വസതിയില്‍ യോഗം ചേര്‍ന്നു പ്രവാസികളുടെ പ്രശ്‌നത്തില്‍ സ്വീകരിക്കേണ്ട അനന്തര നടപടികള്‍ ചര്‍ച്ച ചെയ്തു. പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് ടി.കെ.എ. നായര്‍, ഇ.ടി. മുഹമ്മദ് ബഷീര്‍ എംപി എന്നിവരും യോഗത്തില്‍ പങ്കെടുത്തു. പ്രതിരോധ മന്ത്രി എ.കെ. ആന്റണിയും കേരളത്തിലായിരുന്ന മന്ത്രിമാരായ കെ.വി. തോമസും മുല്ലപ്പള്ളി രാമചന്ദ്രനും യോഗത്തിനെത്തിയില്ല.