യുട്യൂബ് നിര്‍ത്തുന്നു

single-img
1 April 2013

ദിവസവും ഇന്റര്‍നെറ്റിന്റെ മായിക ലോകത്ത് വിഹരിക്കുന്ന പുതുതലമുറയ്ക്ക് യുട്യൂബ് ഒഴിച്ചുകൂടാന്‍ കഴിയാത്ത ഒന്നാണെന്നതില്‍ സംശയമേ വേണ്ട. കോടിക്കണക്കിനു വീഡിയോകള്‍ കൊണ്ട് നിറഞ്ഞ യുട്യൂബില്‍ പ്രതിനിമിഷം ദശലക്ഷക്കണക്കിനു പേരാണ് സന്ദര്‍ശകരായി എത്തുന്നത്. അങ്ങനെയുള്ള യുട്യൂബ് പ്രവര്‍ത്തനം നിര്‍ത്തുകയാണെന്ന് വന്നാല്‍ ? ഇന്ന് യുട്യൂബിലെത്തിയവരെ കാത്തിരുന്നത് ഈ സന്ദേശമാണ്. യുട്യൂബ് പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. എന്നെന്നേക്കുമായല്ല, നീണ്ട പത്തു വര്‍ഷത്തേയ്ക്ക്. ഇന്ന് അര്‍ദ്ധരാത്രി മുതല്‍ സൈറ്റിലേയ്ക്ക് പുതിയ വീഡിയോകള്‍ അപ്‌ലോഡ് ചെയ്യാന്‍ കഴിയില്ല. 2013 വരെ അവധിയെടുക്കുന്നത് വെറുതെയല്ല. കഴിഞ്ഞ എട്ടു വര്‍ഷമായി യുട്യൂബില്‍ അപ്‌ലോഡ് ചെയ്യപ്പെട്ട കോടിക്കണക്കിനു വരുന്ന വീഡിയോകള്‍ പരിശോധിക്കേണ്ട സമയമായിരിക്കുന്നു. എന്തിനെന്നോ, ഏറ്റവും മികച്ച വീഡിയോയ്ക്കുള്ള വിജയിയെ കണ്ടെത്താന്‍. 2005 ല്‍ യുട്യൂബ് തുടങ്ങിയത് അപ്‌ലോഡ് ചെയ്യപ്പെടുന്നതില്‍ മികച്ച വീഡിയോ ഏതെന്ന് കണ്ടെത്താനുള്ള മത്സരം എന്ന നിലയിലായിരുന്നത്രേ. ഈ മത്സരത്തിന്റെ ഡയറക്ടര്‍ ആയ ടോം ലിസ്റ്റണ്‍ ആണ് പ്രസ്തുത സന്ദേശം വീഡിയോയിലൂടെ ലോകത്തോട് പറയുന്നത്. യുട്യൂബ് സിഇഒ സലര്‍ കമന്‍ഗറുടെയും സന്ദേശം വീഡിയോയിലുണ്ട്. യുട്യൂബിന്റെ ഹോം പേജില്‍ ഈ വീഡിയോ കണ്ട് ഒരു നിമിഷമെങ്കിലും ഷോക്കാകാതിരുന്നവര്‍ വിരളം. പക്ഷേ പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു. തങ്ങള്‍ക്ക് മുന്നില്‍ വീഡിയോകളുടെ വിസ്മയച്ചെപ്പൊരുക്കിയ യുട്യൂബ് സമര്‍ത്ഥമായി തങ്ങളെ പറ്റിച്ചിരിക്കുന്നു. ഏപ്രില്‍ ഒന്നിനു ഫൂള്‍സ് ദിനത്തില്‍ ഇങ്ങനെ വലിയൊരു ചതി ആരും പ്രതീക്ഷിച്ചിരുന്നില്ല. എട്ടു വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ ആദ്യമായാണ് യുട്യൂബ് ആളുകളെ ഏപ്രില്‍ ഫൂള്‍സ് ആക്കിയത്. 2005 ല്‍ ആരംഭിച്ച സൈറ്റിനെ 1.65 ബില്യണ്‍ ഡോളറിനാണ് ഗൂഗിള്‍ വാങ്ങിയത്.

httpv://www.youtube.com/watch?feature=player_embedded&v=H542nLTTbu0