വീണ്ടും പൊട്ടിത്തെറി

single-img
26 March 2013

പ്രശ്‌നങ്ങളെല്ലാം പറഞ്ഞു തീര്‍ത്ത് അച്ഛനു മകനും ഒന്നായെന്നുള്ള തോന്നലുകളെല്ലാം അസ്ഥാനത്തായി. ആര്‍ . ബാലകൃഷ്ണ പിളളയും മകന്‍ കെ.ബി. ഗണേഷ് കുമാറും വീണ്ടും ഇടയുന്നു. ഗണേഷ് കുമാറിനെ മന്ത്രി സ്ഥാനത്തു നിന്ന് മാറ്റണമെന്ന മുന്‍ ആവശ്യം ശക്തമാക്കാനാണ് കേരള കോണ്‍ഗ്രസ് (ബി)യുടെ തീരുമാനം. പാര്‍ട്ടിയ്ക്ക് വിധേയനായി കഴിയാമെന്ന ഗണേഷ്‌കുമാറിന്റെ ഉറപ്പ് പാലിക്കപ്പെട്ടില്ലെന്നും പാര്‍ട്ടി മുന്നോട്ടുവെച്ച നിബന്ധനകള്‍ അനുസരിക്കുന്നില്ലെന്നും ആര്‍ . ബാലകൃഷ്ണ പിള്ള ആരോപിച്ചു. ഗണേഷ് കുമാറിനെ മന്ത്രി സ്ഥാനത്തു നിന്നും മാറ്റാന്‍ ആദ്യം നല്‍കിയ കത്തില്‍  ഏപ്രില്‍ രണ്ടിനു ചേരുന്ന യുഡിഎഫ് യോഗത്തില്‍ തീരുമാനമെടുക്കണമെന്ന് പിള്ള ആവശ്യപ്പെട്ടു. 

പാര്‍ട്ടി ആവശ്യപ്പെട്ടതു പോലെ തന്റെ പേഴ്‌സണല്‍ സ്റ്റാഫിലുള്ളവരെ മാറ്റാന്‍ ഗണേഷ് തയ്യാറാകുന്നില്ലെന്നതാണ് വീണ്ടും പ്രശ്‌നം രൂക്ഷമാകാന്‍ കാരണം. ഇരുകൂട്ടരും തമ്മില്‍ രമ്യതയിലെത്തിക്കാന്‍ യുഡിഎഫ് കണ്‍വീനര്‍ പി.പി. തങ്കച്ചന്‍ ബാലകൃഷ്ണ പിള്ളയെ കണ്ട് ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരാജയമായിരുന്നു ഫലം.
നിലവില്‍ പേഴ്‌സണല്‍ സ്റ്റാഫില്‍ ഉള്ളവരെ നിലനിര്‍ത്തണമെന്ന് ആവശ്യപ്പെട്ട ഗണേഷ് കുമാര്‍ പാര്‍ട്ടി പറയുന്നവരെ കൂടി നിയമിക്കാമെന്നും എന്നാല്‍ അവരെ സെക്രട്ടറിയേറ്റില്‍ മന്ത്രിയുടെ ഓഫീസിലേക്ക് കയറാന്‍ അനുവദിക്കില്ലെന്നും നിബന്ധനവച്ചെന്നാണ് റിപ്പോര്‍ട്ട്. കൂടാതെ ബാലകൃഷ്ണയുടെ ചില വിശ്വസ്തരെ പാര്‍ട്ടിയില്‍ നിന്നും ഒഴിവാക്കണമെന്നും ഗണേഷ് കുമാര്‍ ആവശ്യപ്പെട്ടതായാണ് വിവരം. ഇതാണ് ബാലകൃഷ്ണ പിള്ളയെ വീണ്ടും ഗണേഷിനെതിരെ തിരിയാന്‍ പ്രേരിപ്പിച്ചത്.
കുടുംബപ്രശ്‌നവുമായി ബന്ധപ്പെട്ട് പ്രതിസന്ധിയിലായ സമയത്ത് ഗണേഷ് കുമാര്‍ അച്ഛന്‍ ബാലകൃഷ്ണ പിള്ളയെക്കണ്ട് ചര്‍ച്ച നടത്തുകയും പ്രശ്‌നങ്ങള്‍ അവസാനിച്ചെന്ന രീതിയില്‍ ഇരുവരും പ്രസ്താവന ഇറക്കുകയും ചെയ്തിരുന്നു. പാര്‍ട്ടിയ്ക്ക് വിധേയനാകാന്‍ ഗണേഷ് സമ്മതിക്കുന്നപക്ഷം അദേഹത്തിന്റെ മന്ത്രി സ്ഥാനത്തിനു ഭീഷണി ഉയര്‍ത്തില്ലെന്നു ബാലകൃഷ്ണ പറഞ്ഞപ്പോള്‍ ബാലകൃഷ്ണ പിള്ളയുടെ നേതൃത്വത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്നാണ് ഗണേഷ് കുമാര്‍ പറഞ്ഞത്.