ഫ്രാന്‍സിസ് പാപ്പ സ്ഥാനമേറ്റു

single-img
19 March 2013

ആഗോള കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായി ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പാപ്പ സ്ഥാനമേറ്റു. അര്‍ജന്റീനക്കാരനായ കര്‍ദിനാള്‍ ജോര്‍ജ് മരിയോ ബെര്‍ഗോളിയോ ആണ് സഭയുടെ 266 മത് പാപ്പയായി ചുമതലയേറ്റത്. വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ നടന്ന ചടങ്ങ് ആദ്യാവസാനം ലാളിത്യം നിറഞ്ഞതായിരുന്നു. 

മാര്‍പാപ്പയുടെ സ്ഥാന ചിഹ്നങ്ങളും തിരുവസ്ത്രവും അണിയിക്കുന്നതാണ് പ്രധാന ചടങ്ങ്. സഭയിലെ ഏറ്റവും മുതിര്‍ന്ന കര്‍ദിനാളളായ എയ്ഞ്ചലോ സുദാനോ ആണ് വിശുദ്ധ പത്രോസിന്റെ രൂപം മുദ്രണം ചെയ്ത മോതിരം അണിയിച്ചത്. തുടര്‍ന്ന് കഴുത്തിലൂടെ അണിയുന്ന കമ്പിളിയില്‍ നിര്‍മ്മിച്ച അംഗവസ്ത്രം കര്‍ദിനാള്‍ ജീന്‍ ലൂയി രൗറാന്‍ അണിയിച്ചതോടെ കത്തോലിക്ക സഭയില്‍ ഫ്രാന്‍സിസ് ഒന്നാമന്റെ പുതുയുഗം പിറന്നു. സാധാരണയില്‍ നിന്നും വ്യത്യസ്തമായി വെള്ളിയില്‍ തീര്‍ത്ത മോതിരമാണ് മാര്‍പാപ്പ അണിഞ്ഞത്. സ്വര്‍ണം പൂശിയ മോതിരമാണ് മുന്‍ പാപ്പമാര്‍ അണിഞ്ഞിരുന്നത്. മാര്‍പാപ്പ ദിവ്യബലി അര്‍പ്പിച്ചതോടെയാണ് ഔദ്യോഗിക സ്ഥാനാരോഹണ ചടങ്ങുകള്‍ പൂര്‍ണ്ണമായത്.
സ്ഥാനാരോഹണത്തിനു മുന്‍പ തുറന്ന വാഹനത്തില്‍ സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ തടിച്ചു കൂടിയ പത്തു ലക്ഷത്തോളം വരുന്ന വിശ്വാസികള്‍ക്കിടയിലൂടെ സഞ്ചരിച്ച മാര്‍പാപ്പ ഏവരെയും ആശീര്‍വദിച്ചു. രണ്ടു മണിക്കൂറുകള്‍ നീണ്ട ചടങ്ങുകള്‍ക്കു ശേഷം വിശ്വാസികളെ അദേഹം അഭിസംബോധന ചെയ്തു. രദിദ്രരെയും ദുര്‍ബലരെയും സംരക്ഷിക്കണമെന്നും പരിസ്ഥിതിയെ ബഹുമാനിക്കണമെന്നും അദേഹം വിശ്വാസികളെ ഓര്‍മ്മിപ്പിച്ചു. ഉത്തരവാദിത്വപ്പെട്ട സ്ഥാനങ്ങള്‍ വഹിക്കുന്നവര്‍ ജീവന്റെ സംരക്ഷകരാവണമെന്നും മാര്‍പാപ്പ പറഞ്ഞു.
വിവിധ മതങ്ങളെ പ്രതിനിധീകരിച്ചെത്തിയവരെക്കൂടാതെ 132 രാജ്യങ്ങളില്‍ നിന്നുള്ള ഔദ്യോഗിക പ്രതിനിധികളും സ്ഥാനാരോഹണ ചടങ്ങിനെത്തിയിരുന്നു. ഇന്ത്യയില്‍ നിന്നും രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍,എംപിമാരായ ജോസ് കെ.മാണി, ആന്റോ ആന്റണി എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ചടങ്ങില്‍ പങ്കെടുത്തു. പാപ്പയുടെ ജന്മനാടായ അര്‍ജന്റീനയുടെ പ്രസിഡന്റ് ക്രിസ്റ്റീന ഫെര്‍ണാണ്ടസ്, ജര്‍മ്മന്‍ ചാന്‍സലര്‍ എയ്ഞ്ചല മെര്‍ക്കല്‍, സ്‌പെയിന്‍ പ്രധാനമന്ത്രി മരിയാനോ രജോയ്, യുഎസ് വൈസ് പ്രസിഡന്റ് ജോ ബൈഡന്‍, ഫ്രഞ്ച് പ്രധാനമന്ത്രി ജീന്‍ മാര്‍ക് അയ്‌നോള്‍ഡ്, ബ്രസീല്‍ പ്രസിഡന്റ് ദില്‍മ റൂസഫ്, മെക്‌സികോ പ്രസിഡന്റ് മാ യിങ് ജോ സിംബാവെ പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ,ചിലി പ്രസിഡന്റ് സെബാസ്റ്റ്യന്‍ പിനേര, തായ്വാന്‍ പ്രസിഡന്റ് മാ യിങ് ജോ, യൂറോപ്യന്‍ യൂണിയന്‍ ഹെര്‍മന്‍ വാന്‍ റോംപോയ് തുടങ്ങി നിരവധി ലോക നേതാക്കള്‍ ചടങ്ങിനു സാക്ഷ്യം വഹിച്ചു.