‘ഇത് പാതിരാമണല്‍’ Pathiramanal Malayalam Movie Review

single-img
16 March 2013

Vasthavam

മലയാളം ഒരുപാടുതവണ പറഞ്ഞിട്ടുള്ള വിഷയത്തിന്റെ ഒരു മോശം തിരക്കഥയെ മോശം സംവിധാനം കൊണ്ടൊരുക്കിയ സിനിമ. ഭരതന്‍- എം.ടി- മോഹന്‍ലാല്‍ ടീമിന്റെ താഴ്‌വാരത്തിലൂടെ മലയാളികള്‍ അറിഞ്ഞ പക- അതാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രം. പക്ഷേ പലസ്ഥലങ്ങളിലും ഏച്ചകെട്ടലുകളും മുഴച്ചു നില്‍ക്കലുകളും കൊണ്ട് സിനിമ സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും കൈവിട്ടുപോകുന്നകാഴ്ചയാണ് കാണാന്‍ കഴിയുന്നത്.

പരുക്കനും പകയുള്ളില്‍ സൂക്ഷിച്ചിരിക്കുന്നവനുമായ എല്‍ദോയെന്ന കഥാപാത്രമായി ഉണ്ണിമുകുന്ദന്‍ പരാജയപ്പെടുന്നു. പക്ഷേ സ്ത്രീലമ്പടനും സര്‍വ്വോപരി എല്ലാ ദുഷ്ടതകളുടെയും വിളനിലവുമായ ശൗരി എന്ന കഥാപാത്രമായി ഗജിനി ഫെയിം പ്രദീപ് റാവത്തര്‍ തകര്‍ത്തഭിനയിച്ചിരിക്കുന്നു. ഈ ഒരുകഥാപാത്രത്തിന്റെ മികവു തന്നെയാണ് സിനിമ കണ്ടുകഴിഞ്ഞവര്‍ക്ക് സിനിമയെന്ന രീതിയില്‍ പാതിരാമണല്‍ ആശ്വാസം പകരുന്നതും.

ഉണ്ണിമുകുന്ദന്റെ മറ്റൊരു പതിപ്പായി രമ്യാ നമ്പീശനും മാറിയിരിക്കുന്നു. കന്മദം സിനിമയില്‍ മഞ്ജു വാര്യരുടെ കഥാപാത്രത്തെ കണ്ടിട്ടാണെന്നു തോന്നുന്നു ബാബു ജനാര്‍ദ്ദന്‍ സാറയെന്ന പാത്രസൃഷ്ടി നടത്തിയിരിക്കുന്നത്. ജയസൂര്യ തന്റെ വേഷം ഭംഗിയാക്കിയിരിക്കുന്നു.

ചിത്രത്തിന്റെ പലസ്ഥലങ്ങളിലും പ്രേക്ഷകരെ സംവിധായകനും തിരക്കഥാകൃത്തും ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. ചില രംഗങ്ങള്‍ക്ക് ചിത്രവുമായി ബന്ധമില്ലെന്നുതന്നെ തോന്നിപ്പോകുകയും ചെയ്യും. വളരെക്കാലമെടുത്തുചെയ്ത ഒരു ചിത്രമായിട്ടും ഇങ്ങനെയുള്ള ന്യൂനതകള്‍ ആസ്വാദനത്തെ ബാധിക്കുമെന്നത് നിസംശയം പറയാന്‍ കഴിയും.

എഡിറ്റിംഗിന് ചിലസ്ഥലങ്ങളില്‍ പാളീച്ച പറ്റിയിട്ടുണ്ട്. പക്ഷേ ആലപ്പുഴയുടെ കായല്‍ സൗന്ദര്യം മൊത്തത്തില്‍ ഒപ്പിയെടുക്കാന്‍ ഛായാഗ്രാഹകന് കഴിഞ്ഞു എന്നുള്ളതാണ് ചിത്രത്തെ കുറച്ചെങ്കിലും മനോഹരമാക്കുന്നത്. അവസാന രംഗത്തെ കായലില്‍ വച്ചുള്ള ഫൈറ്റ് അക്കാര്യത്തില്‍ മികച്ചു നില്‍ക്കുന്നു.

കുറിപ്പ്: ചിത്രത്തിന് A സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് കൊടുത്തിരിക്കുന്നത്. പക്ഷേ അസഭ്യത സ്ഫുരിക്കുന്ന രംഗങ്ങളോ പ്രത്യേകിച്ചു വാക്കുകളോ ഒന്നും തന്നെ ഈ ചിത്രത്തില്‍ ഇല്ല. ഒരുപക്ഷേ വില്ലന്റെ സ്വഭാവവിശേഷങ്ങളാകും ഈ ചിത്രത്തെ അതിനര്‍ഹനാക്കിയത്.