ടി.പി വധം: ആയുധങ്ങള്‍ കാറില്‍ കയറ്റുന്നതു കണെ്ടന്നു സാക്ഷി

single-img
12 March 2013

TP chandrashekaran - 6ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്താനുള്ള ആയുധങ്ങള്‍ നാലുപേര്‍ ഇന്നോവ കാറില്‍ കയറ്റുന്നതു കണെ്ടന്ന് 15-ാം സാക്ഷി കോറോത്ത് ചിറമീത്തല്‍ രാജീവന്‍.. കോറോത്ത് വയലിലെ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിനടുത്ത റോഡിലെ കിഴക്കുഭാഗത്തായി നിര്‍ത്തിയിട്ട കെഎല്‍ 58 ഡി 8144 നമ്പര്‍ ഇന്നോവ കാറിലേക്കു തൊട്ടടുത്ത കുറ്റിക്കാട്ടില്‍ ചാക്കില്‍ കെട്ടി ഒളിപ്പിച്ചിരുന്ന ആയുധങ്ങള്‍ കയറ്റുന്നതു കണ്ടുവെന്നു മാറാട് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജ് ആര്‍. നാരായണ പിഷാരടി മുമ്പാകെ രാജീവന്‍ മൊഴി നല്കി. തനിക്കു പരിചയമുള്ള രണ്ടുപേരും പരിചയമില്ലാത്ത രണ്ടുപേരും ചേര്‍ന്നാണ് ഇതു കാറില്‍ കയറ്റുന്നതു കണ്ടതെന്നും പ്രോസിക്യൂഷന്റെ സാക്ഷി വിസ്താരത്തിനിടെ രാജീവന്‍ പറഞ്ഞു. കോറോത്ത് വയലിലെ ഇല്ലത്തു തറ വയലില്‍ ഫുട്‌ബോള്‍ മത്സരം കണ്ടു സുഹൃത്തുക്കളുമൊത്തു വരുന്ന വഴിയാണ് ഇന്നോവ കാര്‍ കണ്ടത്. കളി കഴിഞ്ഞ് ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റ് വളപ്പിലൂടെ റോഡിലേക്കു വരികയായിരുന്നു. ഈ സമയത്തു നല്ല നിലാവുണ്ടായിരുന്നു. അപ്പോഴാണു കേസിലെ 28ഉം 29ഉം പ്രതികളായ പി.എം. റമീഷ്, കെ. ദിപിന്‍ എന്നിവരെയും പരിചയമില്ലാത്ത രണ്ടുപേരെയും കാറിനടുത്തു കണ്ടത്. പിന്നീടു വടകര ഡിവൈഎസ്പി ഓഫീസിലെത്തിയപ്പോഴാണു കാറിനടുത്ത് ഉണ്ടായിരുന്ന രണ്ടുപേര്‍ കിര്‍മാണി മനോജും മുഹമ്മദ് ഷാഫിയുമാണെന്ന് അറിഞ്ഞത്. കാറിനു സമീപത്ത് ഒരു ബൈക്ക് നിര്‍ത്തിയിട്ടുണ്ടായിരുന്നെന്നും പിന്നീടു നടന്നുപോകുമ്പോള്‍ കാറിനു സമീപം കണ്ട റമീഷ് ഈ ബൈക്കില്‍ പോകുന്നതു കണെ്ടന്നും രാജീവന്‍ പറഞ്ഞു. ഈ കാര്‍ പിന്നീട് എടച്ചേരി പോലീസ് സ്റ്റേഷനില്‍ കണ്ടു. ചോമ്പാല പോലീസിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് എടച്ചേരി സ്റ്റേഷനില്‍ ചെന്നു കാര്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്നു രണ്ടുമാസത്തിനുശേഷമാണു തന്റെ മൊഴിയെടുത്തതെന്നും സാക്ഷി പറഞ്ഞു.