ഗണേഷിനൊപ്പം ജീവിക്കാനാകില്ലെന്ന് യാമിനി പറഞ്ഞിരുന്നു: പി. കെ. ശ്രീമതി

single-img
11 March 2013

sreemahiവിവാഹശേഷവും വിവാഹേതര ബന്ധങ്ങള്‍ തുടരുന്ന ഗണേഷിനോടൊപ്പം തുടര്‍ന്നു ജീവിക്കാനാവില്ലെന്ന് യാമിനി തന്നോട് പറഞ്ഞിട്ടുള്ളതായി മുന്‍മന്ത്രി പി.കെ ശ്രീമതി വ്യക്തമാക്കി. പരാതി കേട്ടിട്ടും നടപടിയെടുക്കാത്ത മുഖ്യമന്ത്രിയുടെ നിലപാട് കുറ്റകരമായ അനാസ്ഥയാണ്. മന്ത്രിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ സത്യമായതു കൊണ്ടാണ് ചീഫ്‌വിപ്പ് പി.സി ജോര്‍ജ് നടത്തിയ വെളിപ്പെടുത്തല്‍ തെറ്റാണെന്ന് പറയാന്‍ മുഖ്യമന്ത്രി ധൈര്യപ്പെടാത്തതെന്നും ശ്രീമതി ആരോപിച്ചു.
മന്ത്രി കെ.ബി ഗണേഷ്‌കുമാറിന്റെ ഭാര്യ യാമിനി തങ്കച്ചിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഗണേഷ്‌കുമാറിനെതിരെ ഗാര്‍ഹികപീഡന നിരോധന നിയമപ്രകാരം കേസെടുക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് ജനാധിപത്യ മഹിള അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി.എന്‍ സീമ ആവശ്യപ്പെട്ടു.

ഗണേഷിനെതിരെ ഉയര്‍ന്നുവന്ന ആരോപണങ്ങള്‍ അച്ഛനും മകനും തമ്മിലുള്ള രാഷ്ട്രീയ പ്രശ്‌നമാക്കി ഒതുക്കിത്തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. യാമിനി തങ്കച്ചി മുഖ്യമന്ത്രിയോട് നേരിട്ടാണ് പരാതി പറഞ്ഞത്. ഉടന്‍ തന്നെ പരാതിയെ കുറിച്ച് അന്വേഷിക്കാന്‍ പോലീസിനെ ചുമതലപ്പെടുത്തുന്നതിനു പകരം സര്‍ക്കാരിനെ താങ്ങിനിര്‍ത്താന്‍ യാമിനിയെ നിശബ്ദയാക്കുകയാണ് ഉമ്മന്‍ചാണ്ടി ചെയ്തതെന്നും അവര്‍ പറഞ്ഞു. മന്ത്രിയുടെ സ്വഭാവദൂഷ്യത്തെ കുറിച്ച് വിവാദങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അദ്ദേഹത്തെ മന്ത്രിസഭയില്‍ നിന്നും മാറ്റി നിര്‍ത്തി അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്നും അവര്‍ ആവശ്യപ്പെട്ടു.