മദനിയുടെ കേരളത്തിലേയ്ക്കുള്ള യാത്ര വൈകുന്നു

single-img
9 March 2013

മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി ബംഗളൂരു പ്രത്യേക കോടതി അഞ്ചു ദിവസത്തെ പരോള്‍ അനുവദിച്ച അബ്ദുള്‍ നാസര്‍ മദനി കേരളത്തിലെത്തന്‍ വൈകും. ഇപ്പോള്‍ ബംഗളൂരു വിമാനത്താവളത്തിലുള്ള അദേഹത്തെ അനുഗമിക്കുന്ന കര്‍ണാടകയില്‍ നിന്നുള്ള സുരക്ഷാ ഉദ്യോഗസ്ഥരുടെ ആയുധങ്ങള്‍ വിമാനത്തില്‍ കയറ്റുന്നതു സംബന്ധിച്ച പ്രശ്‌നമാണ് കാരണം. ആയുധങ്ങള്‍ വിമാനത്തില്‍ കയറ്റാന്‍ അനുമതി ലഭിച്ചിട്ടില്ല. ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷനാണ് അനുമതി നല്‍കേണ്ടത്. രാവിലെ ആറു മണിയ്ക്കു തന്നെ പരപ്പന അഗ്രഹാര ജയിലില്‍ നിന്നും അദേഹം മോചിതനായിരുന്നു. ഇന്‍ഡിഗോ എയര്‍വെയ്‌സ് 9.15 നുള്ള വിമാനത്തില്‍ തിരുവനന്തപുരത്തേയ്ക്ക് പുറപ്പെടാനായാണ് മദനി വിമാനത്താവളത്തിലെത്തിയത്. എന്നാല്‍ ആയുധങ്ങള്‍ കയറ്റുന്നതു സംബന്ധിച്ച അനുമതി രേഖകള്‍ നല്‍കാതിരുന്നതോടെ യാത്ര തടസ്സപ്പെട്ടു. മദനിയ്‌ക്കൊപ്പം മക്കളായ ഉമര്‍ മുക്താറും സലാഹുദ്ദീന്‍ അയൂബിയും അഭിഭാഷകനും ജസ്റ്റിസ് ഫോര്‍ മദനി എന്ന സംഘടനയിലെ പ്രവര്‍ത്തകരും വിമാനത്താവളത്തില്‍ ഉണ്ട്.

ആദ്യ വിവാഹത്തിലെ മകളായ ഷമീറ ജൗഹറിന്റെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനാണ് മദനിയ്ക്ക് കോടതി ജാമ്യം അനുവദിച്ചത്. ഞായറാഴ്ച കൊട്ടിയം സുമയ്യ ഓഡിറ്റോറിയത്തില്‍ വച്ചാണ് വിവാഹം. സുഖമില്ലാത്ത പിതാവിനെ സന്ദര്‍ശിക്കാനും അനുമതിയുണ്ട്. സ്വന്തം ചെലവിലാണ് യാത്ര. ഇതിനായി നിശ്ചിത തുക കെട്ടിവച്ചു കഴിഞ്ഞു. മദനിയ്ക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കൂടാതെ നാട്ടിലെത്തുന്ന അദേഹത്തിനായി മുഴുവന്‍ സമയ വൈദ്യസഹായ യൂണിറ്റും സജ്ജമാക്കിയിട്ടുണ്ട്.
ബംഗളൂരു സ്‌ഫോടനക്കേസില്‍ പ്രതിയായ മദനി രണ്ടു വര്‍ഷമായി പരപ്പന അഗ്രഹാര ജയിലിലാണ്. ആദ്യമായാണ് ജാമ്യം ലഭിക്കുന്നത്. മാര്‍ച്ച് 12 വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.