പണി പെട്രോളില്‍ കിട്ടി; കെ.എസ്.ആര്‍.ടി.സിയുടെ കാര്യം കട്ടപ്പൊക

single-img
2 March 2013

petrol-iol-oilജനങ്ങളുടെ നടുവൊടിക്കുന്ന രീതിയില്‍ പെട്രോള്‍ വില വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. പെട്രോള്‍ വില ലിറ്ററിന് 1.40 രൂപ വര്‍ധിപ്പിച്ചു. നികുതികള്‍ ഉള്‍പ്പെടെ കേരളത്തില്‍ വിലവര്‍ധന 1.76 രൂപയാകും. കൂട്ടിയവില ഇന്നലെ അര്‍ധരാത്രിയോടെ നിലവില്‍വന്നു. ഇതോടൊപ്പം വലിയ ഉപയോക്താക്കള്‍ക്കുള്ള ഡീസല്‍വില വര്‍ധിപ്പിച്ചതു കേരളത്തില്‍ കെഎസ്ആര്‍ടി സിക്കു കനത്ത ആഘാതമായി.

അന്താരാഷ്ട്ര വിപണിയില്‍ പെട്രോളിയം വില ബാരലിന് 131 ഡോളറായതും രൂപയുടെ മൂല്യം ഡോളറിനെ അപേക്ഷിച്ചു താഴ്ന്നതുമാണു വിലവര്‍ധിപ്പിക്കാന്‍ കാരണമായതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പ്രസ്താവനയിലൂടെ അറിയിച്ചു. കഴിഞ്ഞ സാമ്പത്തികവര്‍ഷം സബ്‌സിഡി നിരക്കില്‍ ഡീസലും പാചകവാതകവും മണ്ണെണ്ണയും വിതരണം ചെയ്തതു മൂലം 86,500 കോടി രൂപ നഷ്ടം സംഭവിച്ചിട്ടുണ്ട്. ഈവര്‍ഷം ഇത് 163,500 കോടി രൂപയിലെത്തുമെന്നും കോര്‍പറേഷന്‍ അറിയിച്ചു.അതേസമയം, കെഎസ്ആര്‍ടിസിക്കു നല്‍കുന്ന ഡീസലിന്റെ വില ലിറ്ററിന് ഒരു രൂപ ഇരുപതു പൈസ കൂട്ടിയതോടെ കോര്‍പറേഷന്റെ പ്രതിമാസനഷ്ടം പത്തൊന്‍പതര കോടി രൂപയായി ഉയര്‍ന്നു.സാധാരണ ഉപയോക്താക്കള്‍ക്കുള്ള ഡീസല്‍ ലിറ്ററിന് അമ്പതു പൈസ കൂട്ടിയപ്പോള്‍ വന്‍കിട ഉപയോക്താക്കള്‍ക്കുള്ള ഡീസലിനു ലിറ്ററിന് ഒരു രൂപ 20 പൈസയാണു കൂട്ടിയത്. ഇതോടെ വന്‍കിട ഉപയോക്താവായ കെഎസ്ആര്‍ടിസിക്ക് ഒരു മാസം രണ്ടര കോടി രൂപ അധിക ബാധ്യതവരും.