അനിത വധം: രണ്ട് പ്രതികള്‍ക്ക് വധശിക്ഷ

single-img
27 February 2013

വയനാട് അനിത വധക്കേസില്‍ രണ്ടു പ്രതികള്‍ക്കും വയനാട് ജില്ലാ സിവില്‍ ആന്‍ഡ് സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചു. ഒന്നാം പ്രതി തരിയോട് കളത്തില്‍ നാസര്‍ , രണ്ടാം പ്രതി പടിഞ്ഞാറത്തറ എരട്ട ഗഫൂര്‍ എന്നിവര്‍ക്കാണ് വധശിക്ഷ.

88 ദിവസത്തിനുള്ളില്‍ കുറ്റപത്രം സമര്‍പ്പിച്ച കേസില്‍ 46 സാക്ഷികളെ വിസ്തരിച്ചു. 54 രേഖകളും 92 തൊണ്ടിമുതലുകളും പരിശോധിച്ചു.

ഗൂഢാലോചന, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, തെളിവുനശിപ്പിക്കല്‍, കൊലപാതകം എന്നീ അഞ്ചുവകുപ്പുകള്‍ പ്രകാരമാണ് ഇരുവരും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ബലാല്‍സംഗം ചെയ്തതിന് തെളിവുണ്ടായിരുന്നില്ല.

ഭാര്യയും മൂന്ന് മക്കളുമുള്ള നാസർ അനിതയെ പ്രണയം നടിച്ച് വശത്താക്കി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. കഴുത്തിൽ ഷാൾ മുറുക്കി കൊലപ്പെടുത്തിയ ശേഷം ആഭരണങ്ങൾ കവരുകയും ഗഫൂറുമായി ചേർന്ന് ബാഗും വസ്ത്രങ്ങളും ചെളിയിൽ ചവിട്ടിത്താഴ്ത്തുകയുമായിരുന്നു.

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ഈ കേസില്‍ പ്രതികള്‍ യാതൊരുവിധ ദയയും അര്‍ഹിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. പ്രതികള്‍ ജീവിച്ചിരിക്കുന്നത് നാടിന് ആപത്താണെന്നും കോടതി വിലയിരുത്തി.