റയില്‍വേ ബജറ്റ് : കേരളത്തിനു നിരാശ മാത്രം

single-img
26 February 2013

റയില്‍വേ മന്ത്രി പവന്‍ കുമാര്‍ ബന്‍സല്‍ അവതരിപ്പിച്ച ബജറ്റ് കേരളത്തിനു കാര്യമായി നല്‍കിയത് നിരാശ മാത്രം. കാര്യമായ പ്രഖ്യാപനങ്ങളൊന്നും കേരളത്തിനു വേണ്ടിയുണ്ടായില്ല. മൂന്നു പ്രതിദിന പാസഞ്ചര്‍ ട്രെയിനുകളും രണ്ടു പ്രതിവാര എക്‌സ്പ്രസുകളും പുതിയതായി അനുവദിക്കുകയും ഏതാനും സര്‍വ്വീസുകള്‍ സ്റ്റോപ് നീട്ടുകയും ചെയ്തു.

പുനറൂര്‍-കൊല്ലം, ഷൊര്‍ണൂര്‍- കോഴിക്കോട്, തൃശ്ശൂര്‍-ഗുരുവായൂര്‍ പാസഞ്ചര്‍ എക്‌സ്പ്രസുകളും വിശാഖപട്ടണം-കൊല്ലം, ലോകമാന്യ തിലക്- കൊച്ചുവേളി എക്‌സ്പ്രസുകളുമാണ് പുതിയതായി കേരളത്തിനു അനുവദിക്കപ്പെട്ടത്.
ഗുവഹാത്തി- എറണാകുളം എക്‌സ്പ്രസ് തിരുവനന്തപുരം വരെയും എറണാകുളം-തൃശ്ശൂര്‍ മെമു പാലക്കാട് വരെയും നീട്ടി. കൊല്ലം- നാഗര്‍കോവില്‍ മെമു കന്യാകുമാരിയിലേയ്ക്കും മധുര-കൊല്ലം പാസഞ്ചര്‍ പുനലൂര്‍ വരെയും നീട്ടാന്‍ ബജറ്റില്‍ നിര്‍ദ്ദേശിക്കുന്നു.
ഷൊര്‍ണൂര്‍-ഇലത്തൂര്‍ ലൈന്‍ വൈദ്യുതീകരണം, ഇടമണ്‍-പുനലൂര്‍, പാലക്കാട്-മീനാക്ഷിപുരം ഗേജ് മാറ്റം, അങ്കമാലി- കാലടി ലൈന്‍,ഷൊര്‍ണൂര്‍-മംഗലാപുരം മൂന്നാം പാതയ്ക്കു സര്‍വെ, ചെങ്ങന്നൂര്‍-തിരുവല്ല, പിറവം റോഡ് കുറപ്പുന്തറ ഇരട്ടപ്പാത പൂര്‍ത്തീകരണം എന്നിവയാണ് കേരളത്തിനായി റയില്‍ മന്ത്രി ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചത്. കൊച്ചുവേളി- ചണ്ഡീഗഡ് പ്രതിവാര എക്‌സപ്രസ് ആഴ്ചയില്‍ രണ്ടു ദിവസമാക്കും. കഞ്ചിക്കോട് കോച്ച് ഫാക്ടറി പദ്ധതിയെ സംബന്ധിച്ച് സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തുമെന്നു മാത്രമാണ് ബജറ്റിലുള്ള പരാമര്‍ശം.