തലസ്ഥാന നഗരത്തിന്റെ കുടിവെള്ളം മുട്ടി

single-img
26 February 2013

നഗരത്തില്‍ നാലിടത്തു പ്രധാന പൈപ്പു ലൈനുകളിലുണ്ടായ പൊട്ടല്‍ അക്ഷരാര്‍ഥത്തില്‍ നഗരവാസികളുടെ കുടിവെള്ളം മുട്ടിച്ചിരിക്കുകയാണ്. ഇന്നലെയാണ് അരുവിക്കരയില്‍ നിന്നു നഗരത്തിലേയ്ക്ക് വെള്ളമെത്തിക്കുന്ന പൈപ്പ് പേരൂര്‍ക്കട വഴയില,പുരവൂര്‍ക്കോണം,കരകുളം എന്നിവിടങ്ങളില്‍ പൊട്ടിയത്. പൈപ്പ് പൊട്ടിയതിനു പിന്നില്‍ അട്ടിമറി സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പ്രതികരിച്ചത്. ആറ്റുകാല്‍ പൊങ്കാലയ്ക്കായി സംസ്ഥആനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ ലക്ഷക്കണക്കിനു സ്ത്രീകളാണ് ഇന്ന് നഗരത്തിലെത്തിയത്. ഇവര്‍ക്കായി ബദല്‍ സംവിധാനം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും വെള്ളത്തിനു നേരിട്ട ദൗര്‍ലഭ്യം അവരെ ദുരിതത്തിലാക്കി. പൊട്ടലുണ്ടായതിനെത്തുടര്‍ന്ന് അരുവിക്കരയില്‍ നിന്നുള്ള പമ്പിങ്ങ് നിര്‍ത്തിവച്ചിരിക്കുകയാണ്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി 50 ടാങ്കറുകളില്‍ വെള്ളം എത്തിച്ചിരുന്നു. ഇന്നലെ രാത്രി മുഴുവന്‍ പരിശ്രമിച്ചിട്ടും അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടില്ല. പൈപ്പ് പൊട്ടിയ വാര്‍ത്ത അറിഞ്ഞ ഉടനെ മുഖ്യമന്ത്രി അടിയന്തര മന്ത്രിസഭാ യോഗം വിളിക്കുകയും അന്വേഷണത്തിനു മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാറിന്റെ നേതൃത്വത്തില്‍ നാലംഗ കമ്മിറ്റിയെ നിയോഗിക്കുകയും ചെയ്തു. ഇരുപതു മണിക്കൂറെങ്കിലുമെടുത്തേ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയുകയുള്ളു എന്നാണ് റിപ്പോര്‍ട്ട്.