ദേശീയ പണിമുടക്ക് അര്‍ദ്ധരാത്രി മുതല്‍ • ഇ വാർത്ത | evartha
Uncategorized

ദേശീയ പണിമുടക്ക് അര്‍ദ്ധരാത്രി മുതല്‍

രാജ്യവ്യാപകമായി ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച രണ്ടു ദിവസത്തെ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും. പണിമുടക്കു ഒഴിവാക്കുന്നതിനായി എ.കെ.ആന്റണിയുടെ നേതൃത്വത്തിലുള്ള നാലംഗ മന്ത്രിതല സംഘവുമായി ട്രേഡ് യൂണിയന്‍ നേതാക്കള്‍ നടത്തിയ അവസാനവട്ട ചര്‍ച്ച പരാജയമായപ്പെട്ടു. തുടര്‍ന്ന് മുന്‍ നിശ്ചയപ്രകാരം പണിമുടക്കുമായി മുന്നോട്ടു പോകുമെന്ന് യൂണിയന്‍ നേതാക്കള്‍ അറിയിച്ചു. ഐഎന്‍ടിയുസി, സിഐടിയു, ബിഎംഎസ് തുടങ്ങിയ തൊഴിലാളി സംഘടനകളെല്ലാം സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. ഇന്ന് അര്‍ദ്ധരാത്രി തുടങ്ങുന്ന പണിമുടക്ക് വ്യാഴാഴ്ച അര്‍ദ്ധരാത്രിയിലേ അവസാനിക്കൂ.

പണിമുടക്കില്‍ നിന്നു വിട്ടുനില്‍ക്കണമെന്ന് ജീവനക്കാരോടു സര്‍ക്കാര്‍ ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പണിമുടക്കുന്ന ദിവസത്തെ ശമ്പളം കുറക്കുന്നതുള്‍പ്പെടെയുള്ള അച്ചടക്ക നടപടികളാണ് നേരിടേണ്ടി വരുക. ഈ ദിവസങ്ങളില്‍ ആര്‍ക്കും അവധി അനുവദിക്കരുതെന്നും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്.
കേരളത്തില്‍ പണിമുടക്കു ദിവസങ്ങളില്‍ ഡയസ്‌നോണ്‍ ബാധകമാക്കി. കര്‍ശന നിര്‍ദ്ദേശങ്ങള്‍ പാലിച്ചുമാത്രമേ അവധിയും അനുവദിക്കൂ. ഈ ദിവസം നടത്താനിരുന്ന കേരള സര്‍വകലാശാല, പിഎസ്‌സി പരീക്ഷകള്‍ മാറ്റിവച്ചു.