വധശിക്ഷ നടപ്പിലാക്കാനുണ്ടായ കാലതാമസത്തിന്റെ കാരണം വ്യക്തമാക്കണം

single-img
9 February 2013

പാര്‍ലമെന്റ് ആക്രമണക്കേസില്‍ അഫ്‌സല്‍ഗുരുവിന്റെ വധശിക്ഷ നടപ്പാക്കാന്‍ ഇത്രയും കാലതാമസം ഉണ്ടായതിന്റെ കാരണം കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് ബിജെപി. വളരെ ഗുരുതരമായ കുറ്റമാണ് അഫ്‌സല്‍ ഗുരു ചെയ്തത്. വധശിക്ഷ ഇതിലും മുന്‍പ് നടപ്പാക്കേണ്ടതായിരുന്നു. ഇക്കാര്യത്തിലുണ്ടായ കാലതാമസവും ഗുരുതരമായ പ്രശ്‌നമാണെന്ന് പാര്‍ട്ടി വക്താവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. സര്‍ക്കാരിന് വിശദീകരണം നല്‍കാന്‍ ബാധ്യതയുണ്ട്.

അഫ്‌സല്‍ ഗുരുവിനെ തൂക്കിലേറ്റിയതിനെ വിമര്‍ശിക്കുന്നവര്‍ തീവ്രവാദ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും അവകാശങ്ങളുണ്ടെന്ന കാര്യം മറക്കുകയാണെന്ന് രവിശങ്കര്‍ പ്രസാദ് അഭിപ്രായപ്പെട്ടു.

2001 ഡിസംബര്‍ 13 ന് നടന്ന പാര്‍ലമെന്റ് ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ അഫ്‌സല്‍ ഗുരുവിന് 2002 ഡിസംബര്‍ 18നാണ് ഡല്‍ഹി ഹൈക്കോടതി വധശിക്ഷ വിധിച്ചത്. വിധിയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും 2005 ആഗസ്ത് നാലിന് അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ കോടതി ശരിവച്ചു. തുടര്‍ന്ന് 2006 ഒക്ടോബര്‍ മൂന്നിന് അഫ്‌സല്‍ ഗുരുവിന്റെ ഭാര്യ രാഷ്ട്രപതിയ്ക്ക് ദയാഹര്‍ജി സമര്‍പ്പിക്കുകയായിരുന്നു. എ.പി.ജെ. അബ്ദുല്‍ കലാം രാഷ്ട്രപതിയായിരുന്ന കാലത്താണ് ദയാഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. അദേഹത്തിന്റെ കാലത്തും തുടര്‍ന്ന് പ്രതിഭ പാട്ടീലിന്റെ കാലത്തും തീരുമാനുണ്ടായില്ല.