പി. കരുണാകരന്‍ റിപ്പോര്‍ട്ട് ഇല്ല : കാരാട്ട്

single-img
25 January 2013

പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിക്കുന്ന പി.കരുണാകരന്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഇല്ലെന്ന് സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ട്. റിപ്പോര്‍ട്ടിനെക്കുറിച്ച് ഒന്നും അറിയില്ല. കേന്ദ്ര കമ്മിറ്റിയില്‍ ഇത്തരത്തില്‍ ഒരു റിപ്പോര്‍ട്ട് വന്നിട്ടുമില്ല. റിപ്പോര്‍ട്ട് സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി അദേഹം പറഞ്ഞു.

മുഖ്യമന്ത്രിയായിരിക്കെ എസ്എന്‍സി ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനെതിരെ സിബിഐ അന്വേഷണത്തിനായി വി.എസ്. രഹസ്യ നീക്കം നടത്തി എന്നാണ് പി. കരുണാകരന്‍ റിപ്പോര്‍ട്ടിലെ ആരോപണം. കൂടാതെ സൈന്‍ ബോര്‍ഡ് അഴിമതിക്കേസില്‍ നിന്ന് ഉമ്മന്‍ ചാണ്ടിയെ ഒഴിവാക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. വി.എസിന്റെ പേഴ്‌സണല്‍ സെക്രട്ടറിയായിരുന്ന എസ്. രാജേന്ദ്രന്‍ ആരോപണം ഉന്നയിച്ചതിനെത്തുടര്‍ന്നാണ് പാര്‍ട്ടി പി. കരുണാകരന്റെ നേതൃത്വത്തില്‍ അന്വേഷണ കമ്മീഷനെ നിയമിച്ചത്. കമ്മീഷന്‍ സംസ്ഥാന സമിതിയ്ക്ക് മുന്‍പില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് കേന്ദ്ര കമ്മിറ്റിയുടെ പരിഗണയ്ക്ക് വിട്ടതായി ഇന്നലെ വാര്‍ത്ത വന്നിരുന്നു.