കര്‍ണാടകയില്‍ രണ്ട് മന്ത്രിമാര്‍ രാജിവച്ചു

single-img
23 January 2013

കര്‍ണാടകയില്‍ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാക്കിക്കൊണ്ട് രണ്ട് മന്ത്രിമാര്‍ രാജിവച്ചു. ഊര്‍ജ മന്ത്രി ശോഭ കരന്തലജെ, പൊതുമരാമത്ത് മന്ത്രി സി.എം.ഉദസി എന്നിവരാണ് തങ്ങളുടെ രാജിക്കത്ത് മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാറിന് കൈമാറിയത്. മുന്‍ മുഖ്യമന്ത്രി ബി.എസ്.യദ്യൂരപ്പയുടെ വിശ്വസ്തരാണ് രണ്ട് പേരും.

രാജിക്കാര്യം സി.എം.ഉദസി മാധ്യമപ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. മുഖ്യമന്ത്രി ഷെട്ടാറും മന്ത്രിമാരുടെ രാജി സ്ഥിരീകരിച്ചു. താന്‍ ഇപ്പോള്‍ യാത്രയിലായതിനാല്‍ തിരിച്ചെത്തിയ ശേഷം പാര്‍ട്ടി മുന്നോട്ടുള്ള കാര്യങ്ങള്‍ തീരുമാനിക്കുമെന്നും അദേഹം അറിയിച്ചു.

ശോഭ കരന്തലജെയും സി.എം.ഉവൈസിയും തങ്ങളുടെ എംഎല്‍എ പദവിയും ഇന്ന് രാജിവയ്ക്കും. സ്പീക്കര്‍ സ്ഥലത്തില്ലാത്തതിനാല്‍ നിയമസഭാ സെക്രട്ടറിക്കാകും രാജി സമര്‍പ്പിക്കുക. ഇവര്‍ക്കൊപ്പം മറ്റു ചില എംഎല്‍എമാര്‍ കൂടി രാജിവയ്ക്കുമെന്നാണ് വിവരം.
യദ്യൂരപ്പയുടെ കര്‍ണാടക ജനതാ പാര്‍ട്ടിയില്‍ ചേരാണ് രാജിയെന്നാണ് സൂചന.
2008 ല്‍ ദക്ഷിണേന്ത്യയില്‍ ആദ്യമായി ബിജെപിയെ ഒരു സംസ്ഥാനത്തിന്റെ അധികാരത്തിലെത്തിച്ചതിന്റെ ഖ്യാതിയുമായാണ് ബി.എസ്.യദ്യൂരപ്പ കര്‍ണാടക മുഖ്യമന്ത്രിയായത്. ആദ്യം മുതല്‍ തന്നെ പ്രതിസന്ധികളിലൂടെയാണ് സര്‍ക്കാര്‍ കടന്നുപോയത്. അഴിമതിയാരോപണങ്ങളെ തുടര്‍ന്ന് 2011 ജൂലൈയില്‍ മുഖ്യമന്ത്രി പദം അദേഹത്തിന് ഒഴിയേണ്ടി വന്നു. 2012ല്‍ ബിജെപി വിട്ട യദ്യൂരപ്പ കര്‍ണാടക ജനതാ പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു.