കര്‍ണാടകയില്‍ മലയാളി വിദ്യാര്‍ത്ഥിയ്‌ക്ക്‌ ക്രൂര പീഡനം

single-img
21 January 2013

കര്‍ണാടകയില്‍ മലയാളിയായ ബിബിഎം വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ ക്രൂരമായ റാഗിംഗിനിരയാക്കി. വയനാട്‌ വെള്ളമുണ്ട സ്വദേശി മുഹമ്മദ്‌ റാഫിയെയാണ്‌ ക്രൂരമായി മര്‍ദ്ദിക്കുകയും തിളച്ചവെള്ളത്തില്‍ തലമുക്കുകയും ചെയ്‌തത്‌. കര്‍ണാടക തുംകൂര്‍ ശ്രീ സിദ്ധാര്‍ത്ഥ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ മാനേജ്‌മെന്റിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിയാണ്‌ മുഹമ്മദ്‌ റാഫി. സാരമായി പരുക്കേറ്റ റാഫി മാനന്തവാടി ആശുപത്രിയില്‍ ചികിത്സയിലാണ്‌.
സീനിയര്‍ വിദ്യാര്‍ത്ഥികള്‍ കോളേജില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ജൂനിയര്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കാതിരുന്നതിന്‌ കാരണം മുഹമ്മദ്‌ റാഫി ആണെന്നാരോപിച്ചായിരുന്നു ആക്രമണം. ശനിയാഴ്‌ച ഉച്ചയ്‌ക്ക്‌ ഹോസ്‌റ്റലിലെത്തിയ സീനിയര്‍ വിദ്യാര്‍ത്ഥികളായ ബാലുശ്ശേരി സ്വദേശി അഖിലേഷ്‌, പേരാമ്പ്ര സ്വദേശി റിജിന്‍ലാല്‍ എന്നിവര്‍ റാഗിംഗിനു വിധേയമാക്കുകയായിരുന്നുവെന്ന്‌ റാഫി പറഞ്ഞു. വൈകുന്നേരത്തോടെ വീട്ടിലെത്തിയ റാഫിയെ വീട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.