കപ്പല്‍ പിടികൂടാന്‍ സഹായിച്ചത് മൊബൈല്‍ ദൃശ്യം

single-img
18 January 2013

ചാലിയത്ത് മത്സ്യബന്ധന ബോട്ട് ഇടിച്ചു തകര്‍ത്ത കപ്പല്‍ പിടികൂടാന്‍ സഹായിച്ചത് മൊബെല്‍ ഫോണ്‍ ദൃശ്യങ്ങള്‍. അപകടത്തില്‍ പെട്ട തോണിയിലുണ്ടായിരുന്ന തൊഴിലാളി മൊബൈലില്‍ പകര്‍ത്തിയ ചിത്രങ്ങള്‍ ഉപയോഗപ്പെടുത്തിയാണ് ഇടിച്ച കപ്പല്‍ ഏതെന്ന് തിരിച്ചറിഞ്ഞത്. അപകട സിഗ്നല്‍ നല്‍കിയിട്ടും മാറിപ്പോകാതെ തോണിയുടെ നേരെ കപ്പല്‍ വരുന്നത് കണ്ട് തൊഴിലാളികള്‍ കടലിലേയ്ക്ക് ചാടി രക്ഷപ്പെടുകയായിരുന്നു. ഇവരെ സമീപത്തുണ്ടായിരുന്ന നൂര്‍ജഹാന്‍ എന്ന ബോട്ടിലുണ്ടായിരുന്നവര്‍ രക്ഷിച്ചു. അതിനു ശേഷമാണ് അപകടം വരുത്തിയ കപ്പലിന്റെ ചിത്രം തൊഴിലാളികള്‍ ക്യാമറയില്‍ പകര്‍ത്തിയത്. ഇത് പിന്നീട് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് കൈമാറുകയായിരുന്നു. നിരവധി കപ്പലുകള്‍ കടന്നു പോകുന്ന പാതയില്‍ ആ ദൃശ്യമാണ് അപകടം വരുത്തിയ എം.വി.ഇസുമോ എന്ന കപ്പലിനെ തിരിച്ചറിയാന്‍ കോസ്റ്റ് ഗാര്‍ഡിനെ സഹായിച്ചത്.