ഇന്ത്യയ്ക്ക് ത്രസിപ്പിക്കുന്ന വിജയം

single-img
15 January 2013

dhonijadejabatt-ss-15-01-13കൊച്ചി നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യാ – ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തില്‍ ഇന്ത്യക്കു ജയം. 127 റണ്‍സിന്റെ വമ്പന്‍ വിജയമാണ് ഇന്ത്യ കരസ്ഥമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സാണ് നേടിയത്. തുടര്‍ന്ന് ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് നിരയെ ഇന്ത്യന്‍ ബൗളിംഗ് നിര ചുരുട്ടിക്കെട്ടി. 36 ഓവറില്‍ 158 റണ്‍സെടുത്ത് സന്ദര്‍ശകരുടെ അവസാന ബാറ്റ്‌സ്മാനും കൂടാരം കയറി. ആദ്യ ഏകദിനത്തില്‍ ഇംഗ്ലണ്ടിനോടേറ്റ പരാജയത്തിന്റെ പകരം വീട്ടല്‍കൂടിയായി ഇന്ത്യക്ക് കൊച്ചിയിലെ വിജയം.

286 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിംഗ് തുടങ്ങിയ ഇംഗ്ലണ്ടിന് ഉദ്ദേശിച്ച തുടക്കം നേടാനായില്ല. അലിസ്റ്റര്‍ കുക്ക് പതിനേഴും ഇയാന്‍ ബെല്‍ ഒരു റണ്‍സും നേടി പുറത്തായി. തുടര്‍ന്നു വന്ന കെവിന്‍ പീറ്റേഴ്‌സണും (44 പന്തില്‍ 42 റണ്‍സ്) ജോ റൂട്ടും (50 പന്തില്‍ 36) ചേര്‍ന്നു പിടിച്ചു നിന്നപ്പോള്‍ ലക്ഷ്യം മറികടക്കാന്‍ സന്ദര്‍ശകടീമിന് കഴിയുമെന്ന തോന്നലുണ്ടായി. എന്നാല്‍ പീറ്റേഴ്‌സണെ ഭൂവനേശ്വര്‍ കുമാറും റൂട്ടിനെ രവീന്ദ്ര ജഡേജയും ക്ലീന്‍ ബൗള്‍ ചെയ്തതോടെ ഇംഗ്ലണ്ട് വീണ്ടും പ്രതിരോധത്തിലായി. രണ്ടു പന്തുകള്‍ നേരിട്ടെങ്കിലും ഇയോണ്‍ മോര്‍ഗന് റണ്‍സൊന്നും നേടാനായില്ല. ഭൂവനേശര്‍ കുമാര്‍ മോര്‍ഗനെ ധോണിയുടെ കൈയിലെത്തിച്ചു. തുടര്‍ന്ന് ക്രെയ്ഗ് കെയ്‌സ്‌വെറ്റര്‍ ക്രീസില്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചപ്പോള്‍ ഇംഗ്ലണ്ടിന്റെ റണ്‍നിരക്ക് വന്‍തോതില്‍ താഴുകയും ചെയ്തു. ആര്‍.അശ്വിന്‍, 42 പന്തില്‍ 18 റണ്‍സെടുത്ത കെയ്‌സ്‌വെറ്ററെ മടക്കി. സമിത് പട്ടേല്‍ ഒരറ്റത്ത് പിടിച്ചുനിന്നെങ്കിലും (പുറത്താകാതെ 39 പന്തില്‍ നിന്ന് 30) പിന്നീടെത്തിയ എല്ലാ ബാറ്റ്‌സ്മാന്‍മാരും വന്നതിലും വേഗത്തില്‍ മടങ്ങി. ക്രിസ് വോഗ്‌സ്(പൂജ്യം), ജെയിംസ് ട്രെഡ്‌വെല്‍(ഒന്ന്), സ്റ്റീവന്‍ ഫിന്‍(പൂജ്യം), ജേഡ് ഡെന്‍ബാഷ് എന്നീ വാലറ്റ ബാറ്റ്‌സ്മാന്‍മാര്‍ക്ക്് ഇന്ത്യന്‍ സ്പിന്നര്‍മാര്‍ക്കു മുന്നില്‍ ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ഇന്ത്യക്കുവേണ്ടി ഭൂവനേശ്വര്‍ കുമാറും അശ്വിനും മൂന്നു വിക്കറ്റുകള്‍ വീതം വീഴ്ത്തി. രവീന്ദ്ര ജഡേജ രണ്ടും ഷാമി അഹമ്മദ് ഒന്നും വിക്കറ്റെടുത്തു.

അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച് 61 റണ്‍സ് നേടുകയും രണ്ട് വിക്കറ്റുകള്‍ വീഴ്ത്തുകയും ചെയ്ത രവീന്ദ്ര ജഡേജയാണ് മാന്‍ ഓഫ് ദ മാച്ച്.