മലപ്പുറത്തെ 33 സ്‌കുളുകള്‍ക്ക് എയ്ഡഡ് പദവി: അബ്ദുറബ്ബിന്റെ നിര്‍ദേശം തള്ളി

single-img
11 January 2013

pkabdurabbമലപ്പുറത്തെ 33 സ്‌കുളുകള്‍ക്ക് എയ്ഡഡ് പദവി നല്‍കണമെന്ന വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദ്ദേശം മന്ത്രിസഭായോഗം തള്ളി. ഇന്നലത്തെ മന്ത്രിസഭാ യോഗത്തില്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് നിര്‍ദേശം വീണ്ടും മുന്നോട്ടുവെയ്ക്കുകയായിരുന്നു. ഈ നിര്‍ദ്ദേശത്തെ ആര്യാടന്‍ മുഹമ്മദ് അടക്കമുള്ള കോണ്‍ഗ്രസ് മന്ത്രിമാരും ധനമന്ത്രി കെ.എം മാണിയും എതിര്‍ത്തു.

പക്ഷേ എയ്ഡഡ് പദവി നല്‍കുന്ന കാര്യത്തില്‍ തീരുമാനമെടുത്തില്ലെങ്കിലും മറ്റു എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് നല്‍കുന്ന ശമ്പളവും മറ്റു ആനുകൂല്യങ്ങളും ഈ സ്‌കൂളുകളിലെ അധ്യാപകര്‍ക്ക് നല്‍കാന്‍ ധാരണയായിട്ടുണ്ട്. ഇന്നലെത്തെ മന്ത്രിസഭാ യോഗത്തില്‍ നേരത്തെ വലിയ വിവാദമായ ഈ വിഷയം ചര്‍ച്ച ചെയ്യേണെ്ടന്ന നിലപാടാണ് കോണ്‍ഗ്രസ് മന്ത്രിമാര്‍ സ്വീകരിച്ചത്. എന്നാല്‍ ലീഗ് മന്ത്രിമാര്‍ ഒന്നടങ്കം ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടതോടെയാണ് വിഷയം ചര്‍ച്ചയ്‌ക്കെടുത്തത്. കേന്ദ്രസര്‍ക്കാരിന്റെ പ്രത്യേക ഫണ്ട് ഉപയോഗിക്കുന്ന ഈ സ്‌കൂളുകളെ സംസ്ഥാന സര്‍ക്കാര്‍ ഏറ്റെടുക്കേണെ്ടന്ന നിലപാട് ആര്യാടന്‍ മുഹമ്മദ് ആവര്‍ത്തിച്ചപ്പോള്‍ മറ്റു കോണ്‍ഗ്രസ് മന്ത്രിമാരും ഈ അഭിപ്രായത്തെ പിന്തുണച്ചു.