ജാര്‍ഖണ്ഡ് സര്‍ക്കാര്‍ പിരിച്ചുവിടണമെന്ന് മുഖ്യമന്ത്രി

single-img
8 January 2013

09TH_MUNDA1_1078072eജാര്‍ഖണ്ഡില്‍ ജെഎംഎം പിന്തുണ പിന്‍വലിച്ചതിനെ തുടര്‍ന്നു ഭൂരിപക്ഷം നഷ്ടമായ ബിജെപി മന്ത്രിസഭയെ പിരിച്ചു വിടണമെന്നു മുഖ്യമന്ത്രി അര്‍ജുന്‍ മുണ്ട. ഈ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി ഗവര്‍ണര്‍ സയിദ് അലി നഖ്‌വിക്കു കത്തു നല്‍കി. ചൊവ്വാഴ്ച രാവിലെ ചേര്‍ന്ന ബിജെപി നിയമസഭാകക്ഷി അംഗങ്ങളുടെ യോഗത്തിന് ശേഷമാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. ഷിബു സോറന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങേണ്ടതില്ലെന്ന് യോഗത്തില്‍ അര്‍ജുന്‍ മുണ്‌ടെ നിലപാടെടുത്തു. അര്‍ജുന്‍ മുണ്ടയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാരിനുള്ള പിന്തുണ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) തിങ്കളാഴ്ച പിന്‍വലിച്ചിരുന്നു. 28 മാസം വീതം മുഖ്യമന്ത്രി സ്ഥാനം പങ്കിടാനുള്ള ധാരണ ബിജെപി മാനിക്കുന്നില്ലെന്ന് ആരോപിച്ചാണ് ജെഎംഎം പിന്തുണ പിന്‍വലിച്ചത്. വ്യാഴാഴ്ചയാണ് സര്‍ക്കാരിന്റെ 28 മാസ കാലാവധി പൂര്‍ത്തിയാകുന്നത്. എന്നാല്‍ ജെഎംഎമ്മുമായി ഇത്തരമൊരു കരാറില്ലെന്ന് അര്‍ജുന്‍ മുണ്ട അവകാശപ്പെട്ടു. അതിനിടെ കോണ്‍ഗ്രസുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ സോറന്‍ ശ്രമങ്ങള്‍ തുടങ്ങിയതായി റിപ്പോര്‍ട്ടുകളുണ്ട്.