കത്തിച്ച മെഴുകുതിരികളല്ല, വേണ്ടത് സഹായിക്കാനുള്ള മനസ്

single-img
5 January 2013

delhi gang rape victims' friendഡിസംബര്‍ പതിനാറിന് ഡല്‍ഹിയില്‍ കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയ്‌ക്കൊപ്പമുണ്ടായിരുന്ന സുഹൃത്ത് ആദ്യമായി സീ ന്യൂസ് ചാനലിന് നല്‍കിയ ആഭിമുഖത്തില്‍  തങ്ങള്‍ അന്നനുഭവിച്ച യാതനകള്‍ വെളിപ്പെടുത്തി.

ബസ്സില്‍ നിന്ന് വലിച്ചെറിയപ്പെട്ടതിനു ശേഷം അരമണിക്കൂറോളം ഉറക്കെ നിലവിളിച്ച് സഹായമഭ്യര്‍ഥിച്ചെങ്കിലും കടന്ന് പോയ ഒരു വാഹനം പോലും നിര്‍ത്തിയില്ലെന്ന് യുവാവ് പറഞ്ഞു. ‘ ഞങ്ങളെ കണ്ട് വേഗത കുറച്ച് എന്താണെന്ന് നോക്കിയതല്ലാതെ ഒരു വാഹനം പോലും നിര്‍ത്തിയില്ല. ഇടപെട്ടാല്‍ തങ്ങളും കേസില്‍ സാക്ഷിയാകേണ്ടി വരുമെന്ന ചിന്തയാകും അവരെ അതിന് പ്രേരിപ്പിച്ചത്. അരമണിക്കൂറിന് ശേഷം അവിടെയെത്തിയ പെട്രോളിംഗ് ടീമാണ് പോലീസിനെ വിളിച്ച് അറിയിച്ചത്.’

പോലീസ് കണ്‍ട്രോള്‍ റൂം വാഹനങ്ങള്‍ എത്തിയത് പിന്നെയും നാല്‍പ്പത്തിയഞ്ച് മിനിറ്റുകള്‍ക്ക് ശേഷമാണെന്ന് പറഞ്ഞ യുവാവ് സംഭവം നടന്നത് ഏത് പോലീസ് സ്‌റ്റേഷന്റെ പരിധിയില്‍ എന്ന് കണ്ടുപിടിക്കാനാണ് എത്തിയവര്‍ സമയം ചെലവിട്ടതെന്നും വെളിപ്പെടുത്തി. ധാരാളം രക്തം നഷ്ടപ്പെട്ടുകൊണ്ടിരുന്ന പെണ്‍കുട്ടിയെ പോലീസ് വണ്ടിയിലേയ്ക്ക് താന്‍ ഒറ്റയ്ക്കാണ് എടുത്തു കയറ്റിയതെന്നും തങ്ങളുടെ വസ്ത്രങ്ങളില്‍ രക്തം പുരളുമെന്ന ചിന്തയില്‍ പോലീസുകാര്‍ സഹായിച്ചില്ലെന്നും യുവാവ് പറഞ്ഞു. അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കാതെ രണ്ടുമണിക്കൂറോളമെടുത്താണ് സംഭവസ്ഥലത്തു നിന്നും വളരെ അകലെയുള്ള സഫ്ദര്‍ജംഗ് ആശുപത്രിയില്‍ തങ്ങളെ എത്തിച്ചത്.

വിവസ്ത്രരായിരുന്ന സുഹൃത്തിനും തനിയ്ക്കും പുതയ്ക്കുന്നതിന് ഒരു തുണിക്കഷ്ണം പോലും പോലീസോ ആശുപത്രിയിലുള്ളവരോ തന്നില്ല. ഒടുവില്‍ ഒരുപാട് ചോദിച്ചതിനു ശേഷം ആരോ ഒരാള്‍ നല്‍കിയ ബെഡ്ഷീറ്റ് കൊണ്ടാണ് പെണ്‍കുട്ടിയെ പുതപ്പിച്ചത്.

ആശുപത്രിക്കിടക്കയില്‍ വെച്ച് പെണ്‍കുട്ടിയെ കണ്ടതിനെക്കുറിച്ചും യുവാവ് സംസാരിച്ചു. ജീവിതത്തിലേയ്ക്ക് തിരിച്ചു വരണമെന്ന് അതിയായി ആഗ്രഹിച്ച അവള്‍ കുറ്റവാളികളെ  ജീവനോടെ ചുടണമെന്നാണ് ആവശ്യപ്പെട്ടതെന്നും പറഞ്ഞു.

അപകടത്തില്‍പ്പെട്ട അവളെ ഉപേക്ഷിച്ച് കടന്നുകളയാന്‍ ഒരിക്കലും തനിക്കാകുമായിരുന്നില്ലെന്നും വേദനയോടെ യുവാവ് ഓര്‍ക്കുന്നു. അവളെ രക്ഷിക്കാന്‍ തനിയ്ക്ക് എന്തെങ്കിലും ചെയ്യാനാകുമായിരുന്നുവെന്ന്  തോന്നാറുണ്ടെന്നും അന്ന് ഒരു ആ ബസ്സിനു പകരം ഒരു ഓട്ടോറിക്ഷയില്‍ പോകാത്തതിന് സ്വയം ശപിക്കുകയാണെന്നും പറഞ്ഞു.

എന്തെങ്കിലും സംഭവിച്ചതിനു ശേഷം മെഴുകുതിരികള്‍ കത്തിക്കുന്നതിലൂടെ ആരുടെയും മാനസികസ്ഥിതി മാറ്റാന്‍ കഴിയില്ലെന്നും അവശ്യസമയത്ത് സഹായിക്കാനുള്ള മനസ്സാണ് വേണ്ടതെന്നും അദേഹം ജനങ്ങളെ ഓര്‍മ്മിപ്പിച്ചു. പോലീസിന്റെ ഭാഗത്ത് നിന്നും ഉചിതമായ നടപടികള്‍ ഉണ്ടാകണമെന്നും സാക്ഷി പറയുന്നതില്‍ നിന്നും ആളുകളെ പിന്തിരിപ്പിക്കുന്ന തരത്തിലുള്ള സംവിധാനത്തിന് മാറ്റം വരണമെന്നും യുവാവ് ആവശ്യപ്പെട്ടു.

യുവാവിന്റെ അഭിമുഖം സംപ്രേഷണം ചെയ്തതിന് സീന്യൂസ് ചാനലിനെതിരെ ഡല്‍ഹി പോലീസ് കേസെടുത്തു. മാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തുന്ന രീതിയിലുള്ള കാര്യങ്ങള്‍ അവതരിപ്പിച്ചു എന്നതാണ് കേസെടുക്കാന്‍ കാരണമെന്ന് റിപ്പോര്‍ട്ട്.

അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം-

http://zeenews.india.com/news/nation/people-stared-at-us-and-left-but-didnt-help-delhi-gang-rape-victims-friend_820801.html