കോണ്‍ഗ്രസ് നല്‍കിയ പണത്തിന്റെ കണക്ക് ലീഗ് മറച്ചുവച്ചതായി ആരോപണം

single-img
4 January 2013

Flag_of_Muslim_Leagueഇക്കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ കോണ്‍ഗസ് നേതൃത്വം നല്‍കിയ പണം സംബന്ധിച്ച വിവരങ്ങള്‍ മറച്ചുവച്ചു മുസ്‌ലിംലീഗ് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനു ചെലവു സംബന്ധിച്ച കണക്കു നല്‍കിയതായ വാര്‍ത്ത രാഷ്ട്രീയ വിവാദമാകുന്നു. കേരളത്തിലെ ഓരോ യുഡിഎഫ് സ്ഥാനാര്‍ഥിക്കും എഐസിസി പത്തു ലക്ഷം രൂപ വീതം നല്‍കിയതായി എഐസിസി നേതൃത്വം നല്‍കിയ കണക്കില്‍ പറഞ്ഞിട്ടുണ്ട്. ഇങ്ങനെ പണം നല്‍കിയതായി എഐസിസി ട്രഷറര്‍ മോട്ടിലാല്‍ വോറ കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷനു നല്‍കിയ വരവുചെലവു കണക്കില്‍ വ്യക്തമാക്കിയിരുന്നു. മുസ്‌ലിംലീഗിന് 24 മണ്ഡലങ്ങളിലേക്കുമായി 2.40 കോടി രൂപ എഐസിസി നല്‍കിയിരുന്നു. എന്നാല്‍ ലീഗ് നേതൃത്വം തെരഞ്ഞെടുപ്പു കമ്മീഷനു നല്‍കിയ കണക്കില്‍ ഈ തുക ഉള്‍പ്പെടുത്തിയില്ലെന്നു രേഖകള്‍ പറയുന്നു. എഐസിസിയില്‍ നിന്നു പണം ലഭിച്ച വിവരം മറച്ചുവച്ചു ലീഗ് സ്വന്തം നിലയില്‍ പിരിച്ച പണമാണെന്ന വിധത്തിലാണത്രേ കണക്കു നല്‍കിയത്. ലീഗിനു വേണ്ടി ജനറല്‍ സെക്രട്ടറിയായിരുന്ന പി.കെ. കുഞ്ഞാലിക്കുട്ടിയാണു തെരഞ്ഞെടുപ്പു കമ്മീഷന് കണക്കു സമര്‍പ്പിച്ചത്.