ആര്യാ കൊലക്കേസ്: പ്രതി രാജേഷിന് തൂക്കുകയര്‍

single-img
3 January 2013

Arya's MURDERER  Rajesh kumar കേരളത്തെ ഞട്ടിച്ച ആര്യ വധക്കേസിന്റെ വിധി പ്രഖ്യാപിച്ചു. തിരുവനന്തപുരം വട്ടപ്പാറയില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി ആര്യയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതി വീരണകാവ് സ്വദേശിയും ഓട്ടോറിക്ഷാ ഡ്രൈവറുമായ രാജേഷ്‌കുമാറിന് വധശിക്ഷ വിധിച്ചു. കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമായി പരിഗണിച്ച് പ്രതിക്ക് കര്‍ശന ശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ബി. സുധീന്ദ്രകുമാര്‍ വിധി പ്രസ്താവിച്ചത്. ഹീനമായ കുറ്റകൃത്യമാണ് പ്രതി ചെയ്തതെന്ന് കോടതി രാവിലെ തന്നെ നിരീക്ഷിച്ചിരുന്നു. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ കോടതി പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

കൊലപാതകം, ബലാത്സംഗം, വഞ്ചന, കവര്‍ച്ച, ഭവനഭേദനം തുടങ്ങി രാജേഷിനെതിരേ ചുമത്തിയ കുറ്റങ്ങള്‍ സംശയലേശമെന്യേ തെളിഞ്ഞതായി കഴിഞ്ഞ ദിവസം കോടതി ചൂണ്ടിക്കാട്ടിയിരുന്നു. തെളിവു നശിപ്പിച്ചുവെന്ന ഒരു കുറ്റം മാത്രമാണ് പ്രോസിക്യൂഷന് തെളിയിക്കാനാകാതെ പോയത്. സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്ക് വധശിക്ഷ വിധിച്ച ശേഷം ആദ്യമായിട്ടാണ് സംസ്ഥാനത്ത് സമാനമായ കുറ്റകൃത്യത്തില്‍ ഒരു പ്രതിക്ക് വധശിക്ഷ വിധിക്കുന്നത്. തനിക്ക് 30 വയസായിട്ടേ ഉള്ളുവെന്നും ഭാര്യയും അമ്മയും മകളുമുണ്‌ടെന്നും മാനസാന്തരത്തിന് അവസരം നല്‍കണമെന്നുമുള്ള പ്രതിയുടെ അപേക്ഷ കോടതി തള്ളി. പ്രതി സമൂഹത്തിന് ഭീഷണിയാണെന്നും നിയമം അനുശാസിക്കുന്ന അങ്ങേയറ്റത്തെ ശിക്ഷ നല്‍കണമെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു.

2012 മാര്‍ച്ച് ആറിനാണ് എസ്എസ്എല്‍സി പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്ന ആര്യയെ വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്ത് പ്രതി പീഡിപ്പിച്ചു കൊന്നത്.

ഈ കേസിന്റെ വിചാരണ സമയത്ത് പ്രോസിക്യൂഷന്‍ ഫോറന്‍സിക് ലാബിലെ സൈന്റിസ്റ്റ് എന്‍.ആര്‍. ബുഷ്‌റാബീഗം, ഡോ.ആര്‍.ശ്രീകുമാര്‍, വട്ടപ്പാറ ലൂര്‍ദ് മൗണ്ട് സ്‌കൂള്‍ ടീച്ചര്‍, ഐ.ബി. കല, കുടപ്പനക്കുന്ന്മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സുഭാഷ്, ഷൈജുമോന്‍, ബി. വിജയന്‍, എന്നിവരുള്‍പ്പെടെ 35 സാക്ഷികളെ വിസ്തരിച്ചിരുന്നു. 38 രേഖകളും , 13 തൊണ്ടി സാധനങ്ങളും കോടതിയില്‍ ഹാജരാക്കി. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പോസിക്യൂട്ടര്‍ എസ്.കെ.അശോക്കുമാര്‍ ആണ് ഹാജരായത്.