ലോകകപ്പ്: പാകിസ്ഥാനെതിരെ നെതര്‍ലന്‍ഡ്സിന് 287 റണ്‍സ് വിജയലക്ഷ്യം

single-img
6 October 2023

ഇന്ന് നടന്ന ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ പാകിസ്ഥാനെിരെ നെതര്‍ലന്‍ഡ്സിന് 287 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ 49 ഓവറില്‍ 286 റണ്‍സിന് ഓള്‍ ഔട്ടാക്കി. അഞ്ച് റണ്ർസ് മാത്രമെടുത്ത് പുറത്തായ ക്യാപ്റ്റന്‍ ബാബര്‍ അസം നിരാശപ്പെടുത്തിയപ്പോള്‍ മധ്യനിരയില്‍ 68 റണ്‍സ് വീതമെടുത്ത മുഹമ്മദ് റിസ്‌വാനും സൗദ് ഷക്കീലും ചേര്‍ന്നാണ് പാകിസ്ഥാനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.

മുഹമ്മദ് നവാസിന്‍റെയും(39), ഷദാബ് ഖാന്‍റെയും(32) ഇന്നിംഗ്സുകളും നിര്‍ണായകമായി. നാലു വിക്കറ്റെടുത്ത ബാസ് ഡി ലീഡ് ആണ് പാകിസ്ഥാനെ എറിഞ്ഞൊതുക്കിയത്. നെതര്‍ലന്‍ഡ്സിന് പിന്നാലെ ടോസ് നഷ്ടത്തിന് പിന്നാലെ ക്രീസിലിറങ്ങിയ പാകിസ്ഥാന്‍ തുടക്കത്തിലെ ഞെട്ടി. 15 പന്തില്‍ 12 റണ്‍സെടുത്ത ഫഖര്‍ സമനെ വാന്‍ ബീക്ക് പുറത്താക്കി. താളം കണ്ടെത്താന്‍ പാടുപെട്ട ക്യാപ്റ്റന്‍ ബാബര്‍ അസം 18 പന്തില്‍ അഞ്ച് റണ്‍സെടുത്ത് മടങ്ങുമ്പോള്‍ പാക് സ്കോര്‍ ബോര്‍ഡില്‍ ഒമ്പതാം ഓവറില്‍ 34 റണ്‍സെ ഉണ്ടായിരുന്നുള്ളു.

വൈകാതെ ഇമാം ഉള്‍ ഹഖ്(15) കൂടി മടങ്ങിയതോടെ പാകിസ്ഥാന്‍ കൂട്ടത്തകര്‍ച്ചയിലായി. എന്നാല്‍ നാലാം വിക്കറ്റില്‍ സൗദ് ഷക്കീലും മുഹമ്മദ് റിസ്‌വാനും തകര്‍ത്തടിച്ചതോടെ പാകിസ്ഥാന്‍ കരകയറി. ഇരുവരും ചേര്‍ന്ന് സെഞ്ചുറി കൂട്ടുകെട്ടുയര്‍ത്തി പാകിസ്ഥാനെ 150 കടത്തി. എന്നാല്‍ സൗദ് ഷക്കീലിനെ(52 പന്തില്‍ 68) ആര്യന്‍ ദത്ത് നെതര്‍ലന്‍ഡ്സിനെ മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നു. പിന്നാലെ മുഹമ്മദ് റിസ്‌വാനെ(75 പന്തില്‍ 68) ബാസ് ഡി ലീഡും വീഴ്ത്തിയതോടെ പാകിസ്ഥാന്‍ പതറി.

ഇഫ്തിഖര്‍ അഹമ്മദ്(9) നിരാശപ്പെടുത്തിയതോടെ പാകിസ്ഥാന്‍ 250 കടക്കില്ലെന്ന് കരുതിയെങ്കിലും മുഹമ്മദ് നവാസും(43 പന്തില്‍ 39), ഷദാഭ് ഖാനും(34 പന്തില്‍ 32) നടത്തിയ പോരാട്ടം അവരെ 250 കടത്തി. ഹസന്‍ അലി ഗോള്‍ഡന്‍ ഡക്കായപ്പോള്‍ അവസാന ഓവറുകളില്‍ ഹാരിസ് റൗഫും(14 പന്തില്‍ 16), പാകിസ്ഥാനെ 286ല്‍ എത്തിച്ചു. നെതര്‍ലന്‍ഡ്സിനുവേണ്ടി ബാസ് ഡി ലീഡ് 62 റണ്‍സിന് നാലു വിക്കറ്റെടുത്തപ്പോള്‍ അക്കര്‍മാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.