നരബലി കേസില്‍ ഒന്നാം പ്രതി ഷാഫിയുടെ പശ്ചാത്തലത്തില്‍ ദുരൂഹത ഏറെ; കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍

single-img
19 October 2022

പത്തനംതിട്ട ഇലന്തൂരിലെ നരബലി കേസില്‍ ഒന്നാം പ്രതി ഷാഫിയുടെ പശ്ചാത്തലത്തില്‍ ഏറെ ദുരൂഹതയുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്‌ നാഗരാജു.

കേസില്‍ സൈബര്‍ തെളിവുകള്‍ ഏറെ നിര്‍ണായകമാണ്. ഓരോ കാര്യവും പ്രത്യേക വിഭാഗം പരിശോധിക്കും. ഷാഫിയുടെ മൊഴികള്‍ പൂര്‍ണമായും വിശ്വാസത്തില്‍ എടുക്കുന്നില്ലെന്നും പ്രതികളുമായി ബന്ധമുള്ളവരുടെ ചോദ്യം ചെയ്യല്‍ പുരോഗമിക്കുകയാണെന്നും സി എച്ച്‌ നാഗരാജു പ്രതികരിച്ചു.

മുഹമ്മദ് ഷാഫിയുടെ മൊബൈല്‍ ഫോണ്‍ ഇതുവരെ കണ്ടെത്തിയിട്ടില്ല. ഷാഫി ഇലന്തൂരില്‍ എത്തിച്ച രണ്ട് സ്ത്രീകളെ പൊലീസ് ചോദ്യം ചെയ്തു. ലൈംഗിക വൃത്തിക്ക് വേണ്ടിയാണ് പോയതെന്ന് സ്ത്രീകള്‍ പൊലീസിന് മൊഴി നല്‍കി. കൊല്ലപ്പെട്ട പത്മത്തിന്റെ പാദസരം ഉപേക്ഷിച്ചത് ചങ്ങനാശേരിയിലെന്ന് ഷാഫി മൊഴി നല്‍കി. ഷാഫിയുമായി പൊലീസ് ചങ്ങനാശേരിയില്‍ തെളിവെടുപ്പ് നടത്തുകയാണ്.

രണ്ടും മൂന്നും പ്രതികളായ ഭഗവല്‍ സിങിനെയും ഭാര്യ ലൈലയെയും പത്തനംതിട്ടയില്‍ എത്തിച്ച്‌ തെളിവെടുപ്പ് നടത്തുകയാണ് ഇതിനൊപ്പം അന്വേഷണ സംഘം. കടവന്ത്രയില്‍ നിന്നുള്ള പൊലീസുകാരാണ് പ്രതികളുമായി തെളിവെടുക്കുന്നത്. ഭഗവല്‍ സിങ് കത്തി വാങ്ങിയ കടയ്്കകുള്ളിലാണ് പരിശോധന. പത്തനംതിട്ട പൊലീസ് സ്റ്റേഷന് മുന്നിലുള്ള കടയില്‍ നിന്നാണ് ഭഗവല്‍ കൊലപാതകത്തിനുപയോഗിച്ച കത്തി വാങ്ങിയത്.