എഞ്ചിനീയർമാർ രേഖപ്പെടുത്തിയ വരകളെയാണ് വിള്ളലായി മാധ്യമങ്ങൾ തുടർച്ചയായി കാണിച്ചത്: മന്ത്രി കെ രാജൻ

single-img
20 April 2026

വയനാട് പുനരധിവാസ ടൗൺഷിപ്പിലെ വീടുകളിൽ വിള്ളൽ കണ്ടെത്തിയെന്ന വിവാദങ്ങളിൽ വാർത്താസമ്മേളനത്തിലൂടെ വിശദീകരണവുമായി റവന്യൂ മന്ത്രി കെ. രാജൻ. വീടുകളിൽ വിള്ളലുകളുണ്ടെന്ന പ്രചാരണം വാസ്തവവിരുദ്ധമാണെന്നും എഞ്ചിനീയർമാർ പരിശോധനയുടെ ഭാഗമായി രേഖപ്പെടുത്തിയ അടയാളങ്ങളാണ് വിള്ളലായി തെറ്റായി ചിത്രീകരിക്കപ്പെട്ടതെന്നും മന്ത്രി വ്യക്തമാക്കി.

ടൗൺഷിപ്പിലെ വീടുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ വാട്ടർ പോണ്ടിംഗ് ടെസ്റ്റ് നടത്താൻ നേരത്തെ തന്നെ തീരുമാനിച്ചിരുന്നു. ഈ പരിശോധനയ്ക്കിടെ രണ്ട് വീടുകളിൽ വെള്ളം കിനിയുന്നത് ശ്രദ്ധയിൽപ്പെട്ടപ്പോൾ എഞ്ചിനീയർമാർ ആ ഭാഗങ്ങൾ മാർക്ക് ചെയ്തു. ഇത്തരത്തിൽ എഞ്ചിനീയർമാർ രേഖപ്പെടുത്തിയ വരകളെയാണ് വിള്ളലായി മാധ്യമങ്ങൾ തുടർച്ചയായി കാണിച്ചത്. ആ വരകൾ വെറും അടയാളങ്ങൾ മാത്രമാണെന്ന് ജനങ്ങളെയും മറ്റുള്ളവരെയും ബോധ്യപ്പെടുത്താനാണ് താൻ നേരിട്ടെത്തി പരിശോധന നടത്തിയതെന്ന് മന്ത്രി പറഞ്ഞു.

ചൂരൽമലയിലെ ജനങ്ങൾക്ക് താൻ വെറുമൊരു മന്ത്രിയല്ലെന്നും അവരുടെ കുടുംബത്തിലെ ഒരംഗമാണെന്നും അദ്ദേഹം വൈകാരികമായി പ്രതികരിച്ചു. ഇതിലും ഉയരത്തിൽ കയറി പരിശോധിക്കണമെങ്കിൽ അതിനും താൻ തയ്യാറാണ്. കാര്യങ്ങൾ ദന്തഗോപുരത്തിലിരുന്ന് വിലയിരുത്തുന്ന രീതിയല്ല തന്റേത്. കരാർ കമ്പനി നൽകുന്ന വിശദീകരണങ്ങൾ നേരിട്ട് ബോധ്യപ്പെടുക എന്നത് തന്റെ കടമയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ദുരന്തബാധിതനായ നൗഫലിനെതിരെ സൈബർ ആക്രമണം നടത്തരുതെന്ന് മന്ത്രി പ്രത്യേകം അഭ്യർത്ഥിച്ചു. ദുരന്തത്തിന്റെ ആഘാതത്തിൽ കഴിയുന്നവരുടെ വാക്കുകളെ ആ രീതിയിൽ തന്നെ കാണണം. തന്നെ ‘കൂലിപ്പണിക്കാരൻ രാജൻ’ എന്ന് വിളിച്ചതിനെ ആത്മാഭിമാനത്തോടെയാണ് കാണുന്നത്. ‘മുതലാളി രാജൻ’ എന്ന് വിളിച്ചില്ലല്ലോ എന്നും അദ്ദേഹം പരിഹാസരൂപേണ പറഞ്ഞു. വയനാട് പുനരധിവാസ പ്രവർത്തനങ്ങളിൽ സർക്കാർ ഒപ്പമുണ്ടാകുമെന്നും സുതാര്യമായ രീതിയിൽ പദ്ധതികൾ പൂർത്തിയാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.