വിദ്യാര്‍ഥികള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം നല്‍കുക എന്ന സര്‍ക്കാര്‍ ലക്ഷ്യത്തിന്റെ ഭാഗമായാണ് നാലുവര്‍ഷ ബിരുദ പരിപാടി: മന്ത്രി ആര്‍ ബിന്ദു

single-img
16 May 2024

സംസ്ഥാനത്തെ വിദ്യാര്‍ഥികള്‍ക്ക് ലോകോത്തര നിലവാരത്തിലുള്ള വിദ്യാഭ്യാസം നല്‍കുക എന്ന സര്‍ക്കാര്‍ ലക്ഷ്യത്തിന്റെ ഭാഗമായാണ് നാലുവര്‍ഷ ബിരുദ പരിപാടിയെന്ന് മന്ത്രി ഡോ.ആര്‍. ബിന്ദു. സംസ്ഥാനത്തെ കോളേജുകളില്‍ ഈ വര്‍ഷം മുതല്‍ നടപ്പിലാക്കുന്ന നാലുവര്‍ഷ ബിരുദം സംബന്ധിച്ച് പൊതുജനങ്ങള്‍ക്കും പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ വിദ്യാര്‍ഥികള്‍ക്കും അവബോധം നല്‍കാനായി സംഘടിപ്പിച്ച ഓറിയന്റേഷന്‍ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് നിര്‍വ്വഹിക്കുകയായിരുന്നു മന്ത്രി.

പ്രവര്‍ത്യുന്മുഖ വിദ്യാഭ്യാസത്തിന് പ്രാമുഖ്യം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഉന്നത വിദ്യാഭ്യാസരംഗത്ത് മാറ്റങ്ങള്‍ നടപ്പാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ‘താല്‍പര്യമുള്ള വിഷയങ്ങള്‍ തെരഞ്ഞെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കുന്ന തരത്തിലാണ് നാലുവര്‍ഷ ബിരുദ പരിപാടി തയ്യാറാക്കിയിരിക്കുന്നത്. തൊഴിലും വിദ്യാഭ്യാസവും തമ്മിലുള്ള വിടവ് നികത്തുന്നതിന് നാലുവര്‍ഷ ബിരുദ പരിപാടി ഏറെ സഹായകരമാകും.

അതിനായി നൈപുണ്യവികസനം പ്രത്യേക അജണ്ടയായി മാറ്റിയിട്ടുണ്ട്. നൈപുണ്യ വികസനത്തിന് ക്രെഡിറ്റ് അനുവദിക്കാനും തീരുമാനിച്ചിട്ടുണ്ട്.’ കലാലയങ്ങളില്‍ നൈപുണി വികസന സെന്ററുകള്‍ ഇതോടൊപ്പം ആരംഭിക്കുമെന്നും സംവാദാത്മകമായ ക്ലാസ് മുറികള്‍ ഉണ്ടാകണമെന്നും മന്ത്രി ബിന്ദു പറഞ്ഞു.