കൊല്ലത്ത് പോക്സോ കേസില്‍ അധ്യാപകന്‍ അറസ്റ്റിൽ

single-img
24 November 2022

കൊല്ലം: കൊല്ലത്ത് പോക്സോ കേസില്‍ അധ്യാപകന്‍ പൊലീസിന്‍റെ പിടിയില്‍. കിഴക്കേക്കല്ലടയിലെ എയ്ഡഡ് സ്കൂള്‍ അധ്യാപകന്‍ ജോസഫ് കുട്ടിയെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.

ഇയാളെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്. പൂര്‍വ്വ വിദ്യാര്‍ത്ഥികളടക്കം നിരവധി പേരാണ് അധ്യാപകനെതിരെ പരാതി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസം വിദ്യാര്‍ത്ഥിനികള്‍ സ്കൂള്‍ അധികൃതര്‍ക്ക് പരാതി നല്‍കിയിരുന്നു. പ്രിന്‍സിപ്പാള്‍ ഇത് സി ഡബ്ലൂ സിക്കും പൊലീസിനും കൈമാറി. തുടര്‍ന്ന്, കേസെടുത്ത കിഴക്കേ കല്ലട പൊലീസ് അധ്യാപകനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം, എറണാകുളം തൃപ്പൂണിത്തുറയില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയോട് ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ ഒളിവിലായിരുന്ന അധ്യാപകനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസില്‍ അധ്യാപകന് പിറമെ സ്കൂള്‍ പ്രിന്‍സിപ്പല്‍ ശിവകല, അധ്യാപകരമായ ഷൈലജ, ജോസഫ് എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അധ്യാപകന്‍ കിരണ്‍ വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ആക്രമിച്ചെന്ന് മനസ്സിലായിട്ടും വിവരം മറച്ചുവച്ചതിനാണ് നടപടി. കിരണ്‍ നേരത്തെ അറസ്റ്റിലായിരുന്നു. കലോത്സവത്തില്‍ പങ്കെടുക്കാന്‍ ഇരുചക്ര വാഹനത്തില്‍ കൊണ്ടുപോയ വിദ്യാര്‍ത്ഥിനിയെ അധ്യാപകന്‍ ലൈംഗികമായി ആക്രമിക്കുകയായിരുന്നു. സഹപാഠികളോട് കുട്ടി തന്റെ ദുരനുഭവം പങ്ക് വച്ചതോടെയാണ് വിവരം പൊലീസ് അറി‍ഞ്ഞതും കേസെടുത്തതും.

കഴി‍‍ഞ്ഞ ബുധനാഴ്ചയായിരുന്നു സംഭവം നടന്നത്. പൊന്നുരുന്നിയില്‍ കലോത്സവത്തില്‍ പങ്കെടുക്കാന്‍ അധ്യാപകനൊപ്പം ഇരു ചക്രവാഹനത്തിലാണ് കുട്ടി പോയത്. രാത്രി തിരിച്ചുവരുന്നതിനിടെയാണ് അധ്യാപകന്റെ ഭാഗത്ത് നിന്ന് ലൈംഗികാതിക്രമമുണ്ടായത്. ലൈംഗികച്ചുവയോട് കൂടി സംസാരിച്ച അധ്യാപകന്‍ കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ സ്പര്‍ശിച്ചു. സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്നു കളയുമെന്നും ഭീഷണിപ്പെടുത്തി. തൊട്ടടുത്ത ദിവസം തന്നെ സ്കൂള്‍ അധികൃതര്‍ വിവരമറിഞ്ഞെങ്കിലും മൂടി വക്കുകയായിരുന്നു. സഹപാഠികളോട് കുട്ടി തന്റെ ദുരനുഭവം പങ്ക് വച്ചതോടെയാണ് വിവരം പൊലീസ് അറി‍ഞ്ഞതും കേസായതും.