സുനില്‍ ഛേത്രി ബൂട്ടഴിച്ചു; കുവൈത്തിനെതിരേ ഇന്ത്യയ്ക്ക് സമനില

single-img
6 June 2024

അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ ഇന്ത്യൻ പേര് സുവര്‍ണലിപികളില്‍ എഴുതിചേർത്ത ഇതിഹാസം താരം സുനില്‍ ഛേത്രിഇന്ന് ബൂട്ടഴിച്ചു. കൊല്‍ക്കത്ത സോള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ കുവൈത്തിനെതിരേ നടന്ന ലോകകപ്പ് യോഗ്യതാ റൗണ്ട് മത്സരത്തില്‍ ഇന്ത്യയെ നയിച്ച് കളത്തിലിറങ്ങിയ ഛേത്രി ഇന്ത്യയെ സമനിലയിലാക്കി ക്യാപ്റ്റന്റെ ആം ബാന്‍ഡ് അഴിച്ചു.

ആദ്യാവസാനം ടീം ഇന്ത്യ 90 മിനിറ്റും ഏഴുമിനിറ്റും പൊരുതിയെങ്കിലും മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിക്കുകയായിരുന്നു. ഇടയ്ക്ക് ചില മികച്ച അവസരങ്ങള്‍ ലഭിച്ചിട്ടും ടീം ഇന്ത്യക്ക് അത് മുതലെടുക്കാന്‍ കഴിയാതെ പോയതോടെ ഛേത്രിക്ക് വിജയം കാണാനാകാതെ നീല ജഴ്‌സി അഴിക്കേണ്ടി വന്നു.

ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ മിന്നുന്ന സേവുകളാണ് ഇന്ത്യക്ക് തുണയായത്. ആദ്യ പകുതിയില്‍ തന്നെ ചുരുങ്ങിയത് രണ്ടു ഗോളുകള്‍ക്കെങ്കിയലും ഇന്ത്യ മുന്നിലെത്തേണ്ടതായിരുന്നു. എന്നാല്‍ റഹീം അലിയുടെയും നിഖില്‍ പൂജാരിയുടെയും മോശം ഫിനിഷിങ്ങുകള്‍ തിരിച്ചടിയായി.

അതേസമയം സമനിലയോടെ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്ത്യ കൂടുതല്‍ പരുങ്ങലിലായി. അവസാന മത്സരത്തില്‍ കരുത്തരും ഏഷ്യന്‍ ചാമ്പ്യന്മാരുമായ ഖത്തറിനെതിരേ ജയം ഉറപ്പാക്കിയാല്‍ മാത്രമേ അടുത്ത റൗണ്ടിലേക്കുള്ള ടിക്കറ്റ് ഇന്ത്യക്ക് ഉറപ്പിക്കാനാകൂ. നിലവില്‍ ഗ്രൂപ്പില്‍ അഞ്ച് മത്സരങ്ങളില്‍ നിന്ന് അഞ്ച് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഇന്ത്യ.

ഇതുവരെ നാലു കളികളില്‍ നിന്ന് 12 പോയിന്റുള്ള ഖത്തറാണ് ഒന്നാമത്. നാലു പോയിന്റുമായി കുവൈത്തും അഫ്ഗാനിസ്ഥാനും മൂന്നും നാലും സ്ഥാനങ്ങളിലുണ്ട്. ഗ്രൂപ്പിലെ ആദ്യ രണ്ട് സ്ഥാനക്കാരാണ് അടുത്ത റൗണ്ടിലേക്ക് മുന്നേറുക. ഇന്ത്യയെക്കാള്‍ ഒരു കളി കുറച്ചു കളിച്ച അഫ്ഗാന് അടുത്ത മത്സരങ്ങള്‍ ഖത്തറും കുവൈത്തുമായാണ്. കുവൈത്ത്-അഫ്ഗാന്‍ മത്സരമാണ് ഇന്ത്യക്ക് ഏറെ നിര്‍ണായകമാകുക.