വനിതാ പ്രീമിയർ ലീഗ്; റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നയിക്കാൻ സ്മൃതി മന്ദാന

single-img
18 February 2023

വനിതാ പ്രീമിയർ ലീഗിലെ ഉദ്ഘാടന സീസണിലേക്ക് തങ്ങളുടെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ. സ്മൃതി മന്ദാന ആർസിബിയെ നയിക്കും. മഹാരാഷ്ട്രയിലെ മുംബൈയിൽ നടന്ന ലേലത്തിൽ 3.40 കോടി രൂപയ്ക്കാണ് താരത്തെ ഫ്രാഞ്ചൈസി സ്വന്തമാക്കിയത്.

സോഷ്യൽ മീഡിയയിൽ ഒരു വീഡിയോ പങ്കുവച്ചാണ് ടീം ഇക്കാര്യം അറിയിച്ചത്.റോയൽ ചലഞ്ചേഴ്സ് പങ്കുവച്ച വീഡിയോയില്‍ പുരുഷ ടീമിന്റെ നിലവിലെ ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസിയും മുൻ ക്യാപ്റ്റൻ വിരാട് കോലിയുമാണ് വനിതാ ടീം ക്യാപ്റ്റനെ പ്രഖ്യാപിച്ചത്.

‘വനിതാ പ്രീമിയർ ലീഗിൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെ നയിക്കാനുള്ള മറ്റൊരു 18-ാം നമ്പർ താരത്തിന്റെ സമയമാണിത്. ഞങ്ങൾ സ്മൃതി മന്ദാനയെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. നിങ്ങൾക്ക് ലോകത്തിലെ ഏറ്റവും മികച്ച ടീമിന്റെയും മികച്ച ആരാധകരുടെയും പിന്തുണ ഉണ്ടാകും’- പ്രഖ്യാപന വീഡിയോയിൽ വിരാട് കോലി പറഞ്ഞു.

“ഈ അവസരം നൽകിയതിന് റോയൽ ചലഞ്ചേഴ്സ് മാനേജ്‌മെന്റിന് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. ലോകത്തിലെ ഏറ്റവും മികച്ച ആരാധകരുടെ സ്‌നേഹവും പിന്തുണയും ഉണ്ടാകുമെന്ന് കരുതുന്നു. RCBയെ വിജയത്തിലേക്ക് നയിക്കാൻ എന്റെ 100 ശതമാനം പുറത്തെടുക്കും”- സ്മൃതി മന്ദാന പറഞ്ഞു.