ഷാരോൺ വധക്കേസ് വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റില്ല; ഗ്രീഷ്മയുടെ ആവശ്യം തള്ളി സുപ്രീം കോടതി

single-img
13 October 2023

തിരുവനന്തപുരം പാറശ്ശാല ഷാരോൺ വധക്കേസിന്റെ വിചാരണ തമിഴ്‌നാട്ടിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ നൽകിയ ട്രാൻസ്ഫർ ഹർജി തള്ളി. കേസിലെ പ്രതികളായ ഗ്രീഷ്മ, ഗ്രീഷ്മയുടെ അമ്മ, അമ്മാവൻ എന്നിവർ നൽകിയ ഹർജിയാണ് തള്ളിയത്. ജസ്റ്റിസ് ദിപാങ്കർ ദത്തയാണ് ഹർജി തള്ളിയത്. വിചാരണ കേരളത്തിൽ നടത്തുന്നതിനുള്ള എതിർപ്പ് വിചാരണ കോടതിയിൽ വാദിക്കാമെന്ന് ഗ്രീഷ്മ ഉൾപ്പടെയുള്ള പ്രതികൾ ഹൈക്കോടതിയിൽ വ്യക്തമാക്കിയിരുന്നു.

ഇത് പ്രകാരം ഹൈക്കോടതി തീർപ്പാക്കിയ കേസിൽ അപ്പീൽ നൽകാൻ സാധിക്കാത്തതിനാലാണ് ട്രാൻസ്ഫർ ഹർജിയുമായി സുപ്രീം കോടതിയെ സമീപിച്ചതെന്ന് ജസ്റ്റിസ് ദിപാങ്കർ ദത്ത ചൂണ്ടിക്കാട്ടി. നിലവിൽ കുറ്റകൃത്യം നടന്നു എന്ന് പോലീസ് പറയുന്ന സ്ഥലം തമിഴ്‌നാട്ടിലാണ്. അതുകൊണ്ടുതന്നെ നാഗർകോവിൽ ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കേണ്ടതെന്ന് ഗ്രീഷ്മ ഉൾപ്പടെയുള്ള പ്രതികൾക്കുവേണ്ടി ഹാജരായ അഭിഭാഷകരായ ശ്രീറാം പറകാട്, സതീഷ് മോഹൻ എന്നിവർ വാദിച്ചു.

ക്രിമിനൽ നടപടി ചട്ടത്തിലെ 177-ാം വകുപ്പ് പ്രകാരം, എവിടെയാണോ കുറ്റകൃത്യം നടക്കുന്നത് ആ സ്ഥലത്തിന്റെ പരിധിയിലുള്ള കോടതിയാണ് കേസ് പരിഗണിക്കേണ്ടതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. ഷാരോൺ മരിച്ചത് തിരുവനന്തപുരത്തെ മെഡിക്കൽ കോളേജിൽ ആയതുകൊണ്ട് മാത്രം കേസ് തിരുവനന്തപുരം കോടതിക്ക് പരിഗണിക്കാനാകില്ലെന്നും അഭിഭാഷകർ ചൂണ്ടിക്കാട്ടി. എന്നാൽ ഇക്കാര്യങ്ങൾ വിചാരണ കോടതിയിലാണ് പറയേണ്ടതെന്ന് ചൂണ്ടിക്കാട്ടിയാണ് ട്രാൻസ്ഫർ ഹർജി തള്ളിയത്.