ബാലയ്യ ചിത്രത്തെ പുകഴ്ത്തി രജനികാന്ത്

single-img
30 January 2023

തമിഴ് സിനിമയ്ക്ക് പൊങ്കല്‍ സീസണ്‍ പോലെയാണ് തെലുങ്ക് സിനിമയ്ക്ക് സംക്രാന്തി. ഇത്തവണത്തെ രണ്ട് പ്രധാന സംക്രാന്തി റിലീസുകളില്‍ ഒന്നായിരുന്നു ചിരഞ്ജീവി നായകനായ വാള്‍ട്ടര്‍ വീരയ്യയും നന്ദമുറി ബാലകൃഷ്ണയെന്ന ബാലയ്യ നായകനായ വീര സിംഹ റെഡ്ഡിയും.

ബോക്സ് ഓഫീസില്‍ മികച്ച പ്രകടനമാണ് ഇരു ചിത്രങ്ങളും നടത്തിയത്. ബാലകൃഷ്ണയെ സംബന്ധിച്ച്‌ കരിയറിലെ രണ്ടാമത്തെ 100 കോടി ക്ലബ്ബ് ചിത്രമാണ് വീര സിംഹ റെഡ്ഡി. ചിത്രം ഇഷ്ടപ്പെട്ടവരില്‍ തമിഴ് സൂപ്പര്‍താരം രജനികാന്തുമുണ്ട്!

ചിത്രത്തിന്‍റെ സംവിധായകന്‍ ഗോപിചന്ദ് മലിനേനിയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ചിത്രം ഇഷ്ടപ്പെട്ട രജനി തന്നെ ഫോണില്‍ വിളിച്ചെന്ന് പറയുന്നു ഗോപിചന്ദ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. എന്നെ സംബന്ധിച്ച്‌ ഭ്രമാത്മകമായ ഒരു നിമിഷമാണ് ഇത്. രജനീകാന്ത് സാറില്‍ നിന്ന് ഒരു ഫോണ്‍കോള്‍ ലഭിച്ചു. അദ്ദേഹം വീര സിംഹ റെഡ്ഡി കണ്ടു. ചിത്രം ഇഷ്ടപ്പെട്ടെന്നാണ് പറഞ്ഞത്. എന്നെ സംബന്ധിച്ച്‌ ലോകത്തില്‍ മറ്റെന്തിനെക്കാളും വലുതാണ് ചിത്രത്തെക്കുറിച്ച്‌ അദ്ദേഹം പറഞ്ഞ പ്രശംസാ വചനങ്ങള്‍. നന്ദി രജനി സാര്‍, ഗോപിചന്ദ് മലിനേനി ട്വീറ്റ് ചെയ്തു.