നോണ്‍ വെജ് വിഭവങ്ങള്‍ ഇത്തവണയും ഇല്ല; കൊല്ലത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പഴയിടം തന്നെ ഭക്ഷണമൊരുക്കും

single-img
15 December 2023

ഇത്തവണ കൊല്ലത്ത് നടക്കാനിരിക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ പഴയിടം നമ്പൂതിരി തന്നെ കൂട്ടികൾക്കായി ഭക്ഷണമൊരുക്കും. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പ്രഖ്യാപിച്ചത് പോലെ നോണ്‍ വെജ് വിഭവങ്ങള്‍ വിളമ്പില്ല. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ സ്‌കൂള്‍ കലാ മേളയുടെ പാചകത്തിന്റെ ടെണ്ടര്‍ തുടര്‍ച്ചയായ പതിനേഴാം തവണയാണ് പഴയിടം നമ്പൂതിരി നേടുന്നത്.

കോണ്‍ഗ്രസിനെ നുകൂലിക്കുന്ന അധ്യാപക സംഘടനയായ കെപിഎസ്ടിഎയ്ക്കാണ് കലോത്സവ ഭക്ഷണകമ്മിറ്റിയുടെ ചുമതല. ഇവര്‍ ആവശ്യപ്പെട്ടതു കൊണ്ടും വെജിറ്റേറിയന്‍ ഭക്ഷണം ആയതുകൊണ്ടുമാണ് ടെണ്ടറില്‍ താൻ പങ്കെടുത്തതെന്ന് പഴയിടം നമ്പൂതിരി വ്യക്തമാക്കി. ഏകദേശം അരലക്ഷത്തോളം പേര്‍ക്കാണ് ഒരു ദിവസം മാത്രം ഭക്ഷണം വിളമ്പേണ്ടത്. ഈ പശ്ചാത്തലത്തിൽ മാംസ ഭക്ഷണം കൂടി ഉള്‍പ്പെടുത്തിയാല്‍ ചെലവു കൂടുമെന്നതിന് പുറമേ പ്രായോഗിക പ്രശ്‌നങ്ങളും കണക്കിലെടുത്താണ് സസ്യാഹാരം മതിയെന്ന തീരുമാനത്തിലെത്തിയത്.

അതേസമയം അടുത്ത കലോത്സവം മുതല്‍ മാംസ വിഭവങ്ങളും ഉള്‍പ്പെടുത്തുമെന്നു കഴിഞ്ഞ തവണ മന്ത്രി വിശിവന്‍കുട്ടിയും ഇനി കലോത്സവ ഭക്ഷണം ഒരുക്കാനില്ലെന്ന് പഴയിടവും കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. കൊല്ലത്ത് അടുത്ത വർഷം ജനുവരി 2 മുതല്‍ 8 വരെയാണ് കലോത്സവം.