മേയ്ക്ക് ഇന്‍ കേരള പദ്ധതി വികസിപ്പിക്കും;കാര്‍ഷിക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മെയ്ക്ക് ഇന്‍ കേരളയില്‍ മുഖ്യ പരിഗണന നല്‍കും

single-img
3 February 2023

തിരുവനന്തപുരം: കേരളത്തിന്റെ ആഭ്യന്തര ഉത്പാദനവും തൊഴില്‍ സംരംഭ നിക്ഷേപ അവസരങ്ങളും വര്‍ധിപ്പിക്കാന്‍ സര്‍വ സൗകര്യങ്ങളും ഒരുക്കി ബൃഹത്തായ മേയ്ക്ക് ഇന്‍ കേരള പദ്ധതി വികസിപ്പിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍.

മേയ്ക്ക് ഇന്‍ കേരളയുമായി ബന്ധപ്പെട്ട് വിശദമായ പഠനം സെന്റര്‍ ഫോര്‍ ഡെവലപ്പ്‌മെന്റ് സ്റ്റഡീസ് നടത്തിയിട്ടുണ്ട്.

ഈ റിപ്പോര്‍ട്ട് പ്രകാരം 2021-2022 ല്‍ സംസ്ഥാനത്തിന്റെ കയറ്റുമതി 74,000 കോടി രൂപയുടേതാണ്. കേരളത്തിന്റെ വ്യാപാരക്കമ്മി വളരെ ഉയര്‍ന്നതാണെന്ന് ഇതില്‍ നിന്നും വ്യക്തമാണ്. മെയ്ക്ക് ഇന്‍ കേരളയ്ക്ക് ഈ വര്‍ഷം 100 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി പറഞ്ഞു. കാര്‍ഷിക മേഖലയിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മെയ്ക്ക് ഇന്‍ കേരളയില്‍ മുഖ്യ പരിഗണന നല്‍കും.

സംരംഭങ്ങള്‍ക്ക് മൂലധനം കണ്ടെത്താന്‍ പലിശ ഇളവ് ഉള്‍പ്പെടെയുള്ള സഹായങ്ങള്‍ നല്‍കും. മെയ്ക് ഇന്‍ കേരളയുടെ ഭാഗമായി പദ്ധതി കാലയളവില്‍ ആയിരം കോടി രൂപയാകും അനുവദിക്കുക. കേരളത്തിന്റെ വികസന ചക്രവാളത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരേടാണ് വിഴിഞ്ഞം തുറമുഖം. വിഴിഞ്ഞത്തിന്റെ സാധ്യതകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട്, ലോകത്തെ പ്രധാന തുറമുഖങ്ങളുടെ മാതൃകയില്‍ വന്‍ വികസന പദ്ധതികള്‍ നടപ്പാക്കും.

ലോകത്തെ തന്നെ ഏറ്റവും വലിയ ട്രാന്‍സ്ഷിപ്പ്‌മെന്റ് കണ്ടെയ്‌നര്‍ തുറമുഖങ്ങളിലൊന്നായി വിഴിഞ്ഞത്തിന് മാറാനാകും. വിഴിഞ്ഞം തുറമുഖത്തിന്റെ ചുറ്റുപാടുമുള്ള മേഖലകളില്‍ വിപുലമായ വാണിജ്യ വ്യവസായ കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി, വിഴിഞ്ഞം മുതല്‍ തേക്കട വഴി ദേശീയ പാത 66 ലെ നാവായിക്കുളം വരെ നീളുന്ന 63 കിലോമീറ്ററും, തേക്കട മുതല്‍ മംഗലപുരം വരെയുള്ള 12 കിലോമീറ്ററും ഉള്‍ക്കൊള്ളുന്ന റിംഗ് രോഡ് നിര്‍മ്മിക്കും.

സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട വ്യവസായ ഇടനാഴിയായി ഇതു മാറും. ഈ ഇടനാഴിയുടെ ചുറ്റുമായി വ്യവസായ സ്ഥാപനങ്ങളും വാണിജ്യ കേന്ദ്രങ്ങളും ഉള്‍പ്പെടുന്ന ടൗണ്‍ഷിപ്പുകള്‍ രൂപം കൊള്ളും. ഏകദേശം 5000 കോടി വ്യാവസായിക ഇടനാഴിയുടെ ഭൂമി ഏറ്റെടുക്കാന്‍ കിഫ്ബി വഴി ആയിരം കോടി വകയിരുത്തിയതായും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു