തിരക്കഥ തർക്കത്തിൽ മേജർ രവിക്ക് തിരിച്ചടി; ‘കർമ്മയോദ്ധ’യുടെ തിരക്കഥ റെജി മാത്യുവിന്റേതെന്ന് കോടതി

single-img
17 December 2025

മോഹൻലാലിനെ നായകനാക്കി മേജർ രവി സംവിധാനം ചെയ്ത കർമ്മയോദ്ധ സിനിമയുടെ തിരക്കഥയെ ചൊല്ലിയുള്ള നിയമതർക്കത്തിൽ മേജർ രവിക്ക് തിരിച്ചടി. ചിത്രത്തിന്റെ തിരക്കഥ പുതുപ്പള്ളി സ്വദേശിയും തിരക്കഥാകൃത്തുമായ റെജി മാത്യുവിന്റേതാണെന്ന് കോട്ടയം കൊമേഴ്ഷ്യൽ കോടതി വിധിച്ചു.

റെജി മാത്യുവിന് മേജർ രവി 30 ലക്ഷം രൂപയും സിനിമയുടെ പകർപ്പവകാശവും നൽകണമെന്നും കോടതി ഉത്തരവിട്ടു. 13 വർഷം നീണ്ട നിയമനടപടികൾക്കൊടുവിലാണ് വിധി. തന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ അനുമതിയില്ലാതെ ഉപയോഗിച്ചാണ് ചിത്രം നിർമ്മിച്ചതെന്ന റെജി മാത്യുവിന്റെ പരാതിയിലാണ് കോടതി നടപടി സ്വീകരിച്ചത്.

2012ലാണ് കർമ്മയോദ്ധ റിലീസ് ചെയ്തത്. ചിത്രത്തിന്റെ റിലീസിന് ഒരു മാസം മുൻപ് റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് റെജി മാത്യു കോടതിയെ സമീപിച്ചിരുന്നു. തുടർന്ന് അഞ്ച് ലക്ഷം രൂപ കെട്ടിവെച്ച ശേഷം, കഥ, തിരക്കഥ, സംഭാഷണം എന്നിവ സംബന്ധിച്ച് തർക്കമുണ്ടെന്ന് രേഖപ്പെടുത്തി സിനിമ റിലീസ് ചെയ്യാൻ കോടതി അനുമതി നൽകി. എന്നാൽ തിരക്കഥാകൃത്തുകളുടെ സ്ഥാനത്ത് ഷാജി എസ് വി, സുമേഷ് റോബിൻ എന്നിവരുടെ പേരുകൾ ചേർത്താണ് ചിത്രം റിലീസ് ചെയ്തത്.

ഇത് കോടതി ഉത്തരവ് ലംഘിച്ചതാണെന്ന് ചൂണ്ടിക്കാട്ടി 40 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് റെജി മാത്യു വീണ്ടും കോടതിയെ സമീപിക്കുകയായിരുന്നു. തിരക്കഥയും സംഭാഷണവും തന്റേതാണെന്ന് പ്രഖ്യാപിക്കണമെന്ന ആവശ്യവും അദ്ദേഹം ഉന്നയിച്ചിരുന്നു.

കേസിൽ മേജർ രവിയായിരുന്നു ഒന്നാം പ്രതി. നിർമ്മാതാവ് ഹനീഫ് മുഹമ്മദ്, ഷാജി എസ് വി, സുമേഷ് റോബിൻ എന്നിവരും പ്രതികളായിരുന്നു. കഥ തന്റേതാണെന്നും, സിനിമയുമായി ബന്ധപ്പെട്ട ചർച്ചകളുടെ ഭാഗമായി റെജി മാത്യുവിനോടും കഥ പറഞ്ഞുവെന്നുമായിരുന്നു മേജർ രവിയുടെ വാദം.