സർക്കാർ ഉത്തരവിറങ്ങി; തമിഴ്‌നാട്ടില്‍ ലിയോയുടെ പ്രദര്‍ശനം ആരംഭിക്കുന്നത് പുലര്‍ച്ചെ നാല് മണിക്ക്

single-img
11 October 2023

ഈ മാസം 19 ന് റിലീസ് ചെയ്യുന്ന ഏറ്റവും പുതിയ വിജയ് ചിത്രം ലിയോ തമിഴ്‌നാട്ടില്‍ പ്രദര്‍ശനം പുലര്‍ച്ചെ നാല് മണിക്ക് ആരംഭിക്കും. നാല് മണിക്കും രാവിലെ ഏഴ് മണിക്കും രണ്ട് ഷോകളാണ് അനുവദിച്ചിരിക്കുന്നത്. ചിത്രത്തിന്റെ നിര്‍മാതാക്കളുടെ ആവശ്യം അംഗീകരിച്ചായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കിയത്.

ഇതോടൊപ്പം തീയേറ്ററുകളില്‍ സുരക്ഷയും സൗകര്യവും ഉറപ്പ് വരുത്തണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. സാധാരണ പോലെ രാവിലെ 11.30 ക്ക് മാത്രമേ റിലീസ് ചെയ്യാനാകൂയെങ്കില്‍ തലേദിവസം സ്‌പെഷ്യല്‍ ഷോ വേണമെന്ന ആവശ്യവും ശക്തമായിരുന്നു. ഇതേ തുടര്‍ന്നാണ് നിര്‍മാതാക്കള്‍ സര്‍ക്കാരിന് കത്ത് അയച്ചത്.

പ്രത്യേക സാഹചര്യം പരിഗണിച്ച് പുലര്‍ച്ചെയുള്ള ഷോ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോയുടെ കത്ത്. ഇത് പരിഗണിച്ചാണ് സര്‍ക്കാരിന്റെ പുതിയ ഉത്തരവ്. സംസ്ഥാനത്തെ സിനിമാ തീയേറ്ററുകളുടെ പ്രവര്‍ത്തന സമയം രാവിലെ 11.30 മുതല്‍ ആക്കി കൊണ്ട് സര്‍ക്കാര്‍ നേരത്തെ ഉത്തരവിറക്കിയിരുന്നു.

രജനികാന്ത് സിനിമയുടെ ആദ്യ ഷോ ആരംഭിച്ചതും മാറ്റിനി മുതലായിരുന്നു. എന്നാല്‍ സമീപകാലത്തെ ഏറ്റവും വലിയ ഹൈപ്പിലെത്തുന്ന ലിയോ മറ്റ് സംസ്ഥാനങ്ങളില്‍ പുലര്‍ച്ചെ ആരംഭിക്കുമെന്നതിനാല്‍ മാറ്റിനി വരെ കാത്തിരിക്കാനാകില്ലെന്ന നിലപാടിലായിരുന്നു വിജയ് ആരാധകര്‍.