36 വർഷങ്ങൾക്ക് ശേഷം ‘കിരീടം’ വീണ്ടും ബിഗ് സ്ക്രീനിലേക്ക്

മലയാള സിനിമയിലെ ക്ലാസിക് ചിത്രങ്ങളിലൊന്നായ ‘കിരീടം’ വീണ്ടും ബിഗ് സ്ക്രീനിലേക്ക്. ലോഹിതദാസിന്റെ തിരക്കഥയിൽ സിബി മലയിൽ സംവിധാനം ചെയ്ത് 1989-ൽ പുറത്തിറങ്ങിയ ഈ ചിത്രം, 36 വർഷങ്ങൾക്കിപ്പുറം ഡോൾബി അറ്റ്‌മോസ് സാങ്കേതികവിദ്യയിലും 4K ദൃശ്യഭംഗിയിലും പ്രേക്ഷകർക്ക് മുന്നിലെത്തുന്നു.
മോഹൻലാലിന്റെ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി അണിയറ പ്രവർത്തകർ ചിത്രത്തിന്റെ ഔദ്യോഗിക പോസ്റ്റർ ഇതിനകം പുറത്തിറക്കിക്കഴിഞ്ഞു. ജൂൺ മാസത്തോടെ ചിത്രം വീണ്ടും തിയേറ്ററുകളിലെത്തും.
മോഹൻലാലിന്റെ അഭിനയജീവിതത്തിലെ നാഴികക്കല്ലാണ് സേതുമാധവൻ എന്ന കഥാപാത്രം. തിലകൻ, മുരളി, കൊച്ചിൻ ഹനീഫ, മാമുക്കോയ, ഒടുവിൽ ഉണ്ണികൃഷ്ണൻ, കവിയൂർ പൊന്നമ്മ, ഫിലോമിന തുടങ്ങി അകാലത്തിൽ പൊലിഞ്ഞ ഒട്ടേറെ പ്രതിഭകളുടെ അവിസ്മരണീയ പ്രകടനം ഈ ചിത്രത്തിലുണ്ട്. ‘കത്തി താഴെയിടെടാ, നിന്റച്ഛനാടാ പറയുന്നത്’ എന്ന ചരിത്രപ്രസിദ്ധമായ ഡയലോഗും ജോൺസൺ മാസ്റ്ററുടെ സംഗീതവും ഇന്നും പ്രേക്ഷകർക്ക് വികാരഭരിതമായ ഒരനുഭവമാണ്.
എൻ. കൃഷ്ണകുമാർ (കിരീടം ഉണ്ണി), ദിനേശ് പണിക്കർ എന്നിവർ ചേർന്ന് കൃപാ ഫിലിംസിന്റെ ബാനറിൽ നിർമ്മിച്ച ഈ ചിത്രം, ദേശീയ ചലച്ചിത്ര വികസന കോർപ്പറേഷനുമായി സഹകരിച്ച് സെവൻ ആർട്‌സ് ഇന്റർനാഷണൽ ലിമിറ്റഡ് ആണ് റീ-റിലീസിനായി എത്തിക്കുന്നത്.


