നിവിന്‍ പോളിയുടെ ‘താരം’ ഇനി ഇല്ലേ? വെളിപ്പെടുത്തലുമായി കയാദു ലോഹര്‍

single-img
3 September 2026

തുടര്‍ച്ചയായ പരാജയങ്ങള്‍ക്കൊടുവില്‍ ബോക്‌സ് ഓഫീസില്‍ ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് നിവിന്‍ പോളി. ‘സര്‍വ്വം മായം’ എന്ന ചിത്രത്തിലൂടെ നൂറ് കോടി ക്ലബ്ബിലെത്തിയ താരം, പിന്നാലെ ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ മുഖേന കരിയറിലെ ആദ്യ 200 കോടി ചിത്രവും സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. ഒരുകാലത്ത് കൈവിട്ടുപോയെന്നു തോന്നിയിരുന്ന വമ്പന്‍ വിജയങ്ങള്‍ ഇന്ന് വീണ്ടും നിവിനെ തേടിയെത്തുകയാണ്.

നിവിന്റെ കരിയര്‍ വീണ്ടും ഉയര്‍ച്ചയിലാകുന്നതിനിടെ പ്രഖ്യാപിക്കപ്പെട്ടിരുന്ന ചില ചിത്രങ്ങളുടെ ഭാവിയെക്കുറിച്ചുള്ള ചര്‍ച്ചകളും സജീവമായിരിക്കുകയാണ്. അത്തരത്തില്‍ ഏറെ പ്രതീക്ഷയുണര്‍ത്തിയ പദ്ധതിയായിരുന്നു വിനയ് ഗോവിന്ദ് സംവിധാനം ചെയ്യാനിരുന്ന ‘താരം’. എന്നാല്‍ പ്രഖ്യാപനത്തിന് ശേഷം ചിത്രത്തിന്റെ പുരോഗതിയെക്കുറിച്ച് യാതൊരു വിവരവും പുറത്തുവന്നിരുന്നില്ല.

2022 നവംബറില്‍ മണാലിയില്‍ ചിത്രീകരണം ആരംഭിച്ച ചിത്രത്തില്‍ നിവിന്‍ പോളിക്കൊപ്പം കയാദു ലോഹറും നിഖില വിമലും പ്രധാന കഥാപാത്രങ്ങളായി എത്താനായിരുന്നു പദ്ധതി. എന്നാല്‍ ഒരു ദിവസത്തെ ചിത്രീകരണത്തിന് ശേഷം ഷൂട്ടിംഗ് നിര്‍ത്തിവയ്ക്കുകയായിരുന്നു. ലിസ്റ്റിന്‍ സ്റ്റീഫനായിരുന്നു ചിത്രത്തിന്റെ നിര്‍മാതാവ്.

ഇപ്പോഴിതാ ചിത്രത്തിന്റെ നിലവിലെ അവസ്ഥയെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നായിക കയാദു ലോഹര്‍. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് താരം പ്രതികരിച്ചത്.

“ആ സിനിമ നടക്കുമെന്ന് തോന്നുന്നില്ല. ഞങ്ങള്‍ ഒരു ദിവസം ഷൂട്ട് ചെയ്തിരുന്നു. പക്ഷേ ചില കാരണങ്ങളാല്‍ തിരികെ വരേണ്ടി വന്നു. സിനിമ ഉടന്‍ ആരംഭിക്കുമെന്ന പ്രതീക്ഷയുമില്ല. പിന്നീട് പ്രൊഡക്ഷന്‍ ഹൗസില്‍നിന്ന് എനിക്ക് യാതൊരു ബന്ധപ്പെടലും ഉണ്ടായിട്ടില്ല,” എന്നാണ് കയാദു പറഞ്ഞത്.

“സംഭവിക്കാനുള്ളത് സംഭവിക്കും, അല്ലാത്തത് സംഭവിക്കില്ല. അത്രയേ ഉള്ളൂ,” എന്നും താരം കൂട്ടിച്ചേര്‍ത്തു.

അവസരങ്ങള്‍ നഷ്ടപ്പെടുന്നതിനെക്കുറിച്ചുള്ള തന്റെ സമീപനവും കയാദു പങ്കുവച്ചു. “എനിക്ക് നല്ലതാണെങ്കില്‍ അത് എന്നിലേക്ക് എത്തും. എനിക്ക് അനുയോജ്യമല്ലെങ്കില്‍ അത് വരാതിരിക്കട്ടെ എന്നതാണ് എന്റെ വിശ്വാസം. ഒരു അവസരം നഷ്ടപ്പെടുമ്പോള്‍ ആദ്യം വിഷമം തോന്നും. എന്നാല്‍ പിന്നീട് അത് എനിക്കുള്ളതല്ലായിരുന്നുവെന്ന് ഉള്‍ക്കൊള്ളാറുണ്ട്,” എന്നാണ് കയാദുവിന്റെ വാക്കുകള്‍.

നിവിന്‍ പോളി വ്യത്യസ്തമായ ലുക്കില്‍ എത്താനിരുന്ന ചിത്രമായിരുന്നു ‘താരം’. സിനിമാ താരത്തിന്റെ വേഷമാണ് നിവിന്‍ അവതരിപ്പിക്കേണ്ടിയിരുന്നത്. കഥാപാത്രത്തിനായി ശരീരഭാരം കുറയ്ക്കാനും താരം തയ്യാറെടുത്തിരുന്നു. എന്നാല്‍ പിന്നീട് പദ്ധതിയുടെ ഭാവി അനിശ്ചിതത്വത്തിലാകുകയായിരുന്നു.

‘രാമചന്ദ്ര ബോസ് ആന്‍ഡ് കോ’യുടെ ബോക്‌സ് ഓഫീസ് പ്രകടനത്തെക്കുറിച്ച് നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കു പിന്നാലെയാണ് ‘താരം’ ഉപേക്ഷിക്കപ്പെട്ടെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. കഴിഞ്ഞ വര്‍ഷം ചിത്രത്തിന്റെ പ്രഖ്യാപന പോസ്റ്റ് ഉള്‍പ്പെടെ നിവിന്‍ പോളി തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍നിന്ന് നീക്കിയതും ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു.