താമരശ്ശേരിയിൽ ബിരുദ വിദ്യാർഥിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച് ചുരത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ പ്രതി പിടിയിൽ

single-img
6 June 2023

കോഴിക്കോട്: താമരശ്ശേരിയിൽ ബിരുദ വിദ്യാർഥിയെ മയക്കുമരുന്ന് നൽകി പീഡിപ്പിച്ച് ചുരത്തിൽ ഉപേക്ഷിച്ച സംഭവത്തിൽ പ്രതി പിടിയിൽ. പ്രതിയായ കൽപ്പറ്റ സ്വദേശി ജിനാഫ് ആണ് പിടിയിലായത്. തമിഴ്നാട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് കുട്ടിയെ കാണാതായത്. വ്യാഴാഴ്ച്ച രാത്രിയാണ് കുട്ടിയെ ചുരത്തിൽ വച്ച് പൊലീസ് കണ്ടെത്തിയത്. പ്രതിയെ താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ എത്തിച്ചു.

താമരശ്ശേരി പൊലീസ് സ്റ്റേഷൻ പരിധിയിലെ സ്വകാര്യ കോളേജിൽ ബിരുദത്തിന് പഠിക്കുന്ന വിദ്യാർത്ഥിനിയാണ് പീഡനത്തിന് ഇരയായത്.  വിദ്യാർത്ഥിനി പേയിംഗ് ഗസ്റ്റായി കോളജിന് സമീപത്ത് തന്നെയാണ് താമസിച്ചിരുന്നത്. കുട്ടിയെ കാണാത്തതിനാൽ കോളേജിൽ നിന്ന് വിവരമറിയിച്ചപ്പോഴാണ് വീട്ടുകാർ അറിയുന്നത്. വീട്ടിലേക്കെന്ന് പറഞ്ഞ് ഹോസ്റ്റലിൽ നിന്ന് ഇറങ്ങിയതായിരുന്നു പെൺകുട്ടി. പിന്നീട് രക്ഷിതാവിന്‍റെ പരാതിയിൽ പൊലീസ് അന്വേഷണം നടത്തിവരുന്നതിനിടെയാണ് പെൺകുട്ടിയെ താമരശ്ശേരി ചുരത്തിൽ നിന്ന് കണ്ടെത്തിയത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പീഡന വിവരം പുറത്ത് അറിയുന്നത്. വിദ്യാർത്ഥിനിയെ മയക്കുമരുന്ന് നൽകി കാറിൽ കയറ്റി എറണാകുളമടക്കം സംസ്ഥാനത്തിന്‍റെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി  പീഡിപ്പിച്ച ശേഷം  താമരശ്ശേരി ചുരത്തിന്‍റെ ഒൻപതാം വളവിൽ ഉപേക്ഷിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം രക്ഷിതാക്കൾക്കൊപ്പം പറഞ്ഞയക്കുകയായിരുന്നു. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ താമരശ്ശേരി പൊലീസ് നടത്തിയ അന്വേഷണത്തിലാണ്  പ്രതി പിടിയിലായത്.