ഭാരതത്തെ ഒരു ഗാനമായി സങ്കൽപ്പിച്ചാൽ അതിലെ രാഗമാണ് സ്വയംസേവകർ: ശങ്കർമഹാദേവൻ

single-img
24 October 2023

നമ്മുടെ രാജ്യത്തെ സംസ്‌കാരവും പാരമ്പര്യവും സംരക്ഷിക്കാന്‍ ആര്‍എസ്‌എസിനോളം പരിശ്രമിച്ച മറ്റാരും ഉണ്ടാകില്ലെന്ന് പ്രശസ്ത ഗായകന്‍ ശങ്കര്‍ മഹാദേവന്‍. നാഗ്പൂരിൽ ആർഎസ്എസ് സംഘടിപ്പിച്ച വിജയദശമി മഹോത്സവത്തിൽ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ സംസ്‌കാരത്തെ പാട്ടുകളിലൂടെ പുതിയ തലമുറയിലേക്ക് എത്തിക്കുക എന്നത് തന്റെ കടമയാണെന്ന് വിശ്വസിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഗാനങ്ങൾക്ക് മാത്രമല്ല ലോകത്തിലെ എല്ലാ കാര്യത്തിനും ഒരു താളമുണ്ട്. അത്തരത്തിൽ ഭാരതത്തെ ഒരു ഗാനമായി സങ്കൽപ്പിച്ചാൽ അതിലെ രാഗമാണ് സ്വയംസേവകരെന്നും ശങ്കർമഹാദേവൻ പറഞ്ഞു. ഞാന്‍ ആര്‍എസ്‌എസിനെ സല്യൂട്ട് ചെയ്യുകയാണ്. അഖണ്ഡ ഭാരതം എന്ന ആശയത്തിന് വേണ്ടിയും നമ്മുടെ പാരമ്പര്യവും സംസ്‌കാരവും സംരക്ഷിക്കുന്നതിനുവേണ്ടിയും ആര്‍എസ്‌എസ് നല്‍കിയ സംഭാവന മറ്റാരേക്കാളും വലുതാണ്.

ആര്‍എസ്‌എസ് പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കാനുള്ള ക്ഷണം ലഭിച്ചതിന് ശേഷം നിരവധിയാളുകളില്‍ നിന്ന് അഭിനന്ദന കോളുകള്‍ വന്നിരുന്നു. ആര്‍എസ്‌എസ് മേധാവി മോഹന്‍ ഭാഗവതുമായി മുംബൈയില്‍ നടത്തിയ കൂടിക്കാഴ്ച സംതൃപ്തി നിറഞ്ഞതായിരുന്നു. ഞാന്‍ ഭാഗ്യവാനാണ്. അദ്ദേഹത്തിന്റെ ക്ഷണം വ്യക്തിപരമായിരുന്നു. ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്. ഒരു ഇന്ത്യന്‍ പൗരന്‍ ആയതിനാല്‍ ഞാന്‍ ഇന്ന് കൂടുതല്‍ അഭിമാനിക്കുന്നു’- ശങ്കര്‍ മഹാദേവന്‍ പറഞ്ഞു.