വിമർശനങ്ങൾ ഉന്നയിക്കുന്നത് ആരെയും അപമാനിക്കാനല്ല; കോലിക്ക് മറുപടിയുമായി ഗാവസ്‌കർ


ഇന്ത്യൻ താരം വിരാട് കോലിക്കെതിരെ വീണ്ടും വിമർശനവുമായി ഇന്ത്യൻ മുൻ താരം സുനിൽ ഗാവസ്കർ. പുറമെ നിന്നുള്ള വിമർശനങ്ങൾ വിരാട് എന്തിനാണ് കേൾക്കാൻ നിൽക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു. വിരാട് കോലി മോശം സ്ട്രൈക്ക് റേറ്റിലാണ് കളിക്കുന്നതെന്ന് വിമർശിച്ച ഗാവസ്കറിന് കോഹ്‌ലി മറുപടിയുമായി രംഗത്തെത്തിയിരുന്നു.
മത്സരങ്ങളിലെ കമന്ററി ബോക്സിലിരുന്ന് എന്തും പറയാമെന്നായിരുന്നു കോലിയുടെ മറുപടി. പിന്നാലെയാണ് ഇന്ത്യൻ സൂപ്പർ താരത്തെ വിമർശിച്ച് ഗാവസ്കർ വീണ്ടും രംഗത്തെത്തിയിരിക്കുന്നത്. വിരാടിന്റെ ഒരു മത്സരത്തിൽ സ്ട്രൈക്ക് റേറ്റാണ് താൻ വിമർശിച്ചത്. ഓപ്പണിംഗ് ബാറ്റിംഗിനെത്തി 15-ാം ഓവറിൽ പുറത്താകുന്നു. അതിന് പ്രോത്സാഹനം നൽകാൻ കഴിയില്ലെന്നും ഗാവസ്കർ പറഞ്ഞു.
പുറമെ നിന്നുമുള്ള വിമർശനങ്ങളെ ശ്രദ്ധിക്കാറില്ലെന്നാണ് ഈ കാലത്തെ താരങ്ങൾ പറയുന്നത്. എന്നിട്ടും തന്റെ വിമർശനങ്ങൾക്ക് താരങ്ങൾ മറുപടി നൽകുന്നു. കുറച്ചുകാലം താൻ ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. വിമർശനങ്ങൾ ഉന്നയിക്കുന്നത് ആരെയും അപമാനിക്കാനല്ല. സത്യത്തിൽ എന്താണ് നടക്കുന്നതെന്നാണ് താൻ പറയുന്നതെന്നും ഗാവസ്കർ കൂട്ടിച്ചേർത്തു.