ഉത്തേജകമരുന്ന് പരിശോധനയ്ക്ക് തയ്യാറായില്ല; ഗുസ്തിതാരം ബജ്‌റംഗ് പുനിയയ്ക്ക് സസ്‌പെൻഷൻ

single-img
5 May 2024

ടോക്കിയോ ഒളിമ്പിക്സ് വെങ്കല മെഡൽ ജേതാവായ ഇന്ത്യൻ ഗുസ്തിതാരം ബജ്റംഗ് പുനിയയ്ക്ക് സസ്പെൻഷൻ. ദേശീയ ഉത്തേജക വിരുദ്ധ ഏജൻസിയുടേതാണ് നടപടി. സോനിപത്തിൽ നടന്ന ട്രയൽസിനിടെ ഉത്തേജകമരുന്ന് പരിശോധനയ്ക്ക് തയ്യാറാകാതിരുന്നതിനാലാണ് പുനിയയ്ക്കെതിരേ ഏജൻസി നടപടി സ്വീകരിച്ചത്.

ഇവിടെ നടന്ന ട്രയൽസിൽ രോഹിത് കുമാറിനോട് പരാജയപ്പെട്ട പുനിയ ക്ഷുഭിതനായി ട്രയൽസ് നടന്ന സ്പോർട്സ് അതോറിറ്റി കേന്ദ്രത്തിൽ നിന്നിറങ്ങിപ്പോയിരുന്നു. പുനിയയുടെ പരിശോധനാ സാംപിളുകൾ ശേഖരിക്കാൻ ദേശീയ ഉത്തേജക വിരുദ്ധ ഏജൻസി ശ്രമിച്ചുവെങ്കിലും പുനിയ തയ്യാറായില്ല.

ഈ മാർച്ച് 10-നാണ് പുനിയയോട് സാംപിളുകൾക്കായി ഏജൻസി ആവശ്യപ്പെട്ടത്. പിന്നാലെ ലോക ഉത്തേജക വിരുദ്ധ ഏജൻസി (ഡബ്ല്യുഎഡിഎ)യെ എൻഎഡിഎ വിവരം ധരിപ്പിച്ചു. രണ്ട് ഏജൻസികളും നടത്തിയ ചർച്ചകൾക്കൊടുവിൽ എൻഎഡിഎ ഏപ്രിൽ 23-ന് പുനിയയ്ക്ക് നോട്ടീസയച്ചു. ഈ നോട്ടീസിന് മറുപടി നൽകാൻ മേയ് ഏഴ് വരെ എൻഎഡിഎ സമയമനുവദിച്ചിട്ടുണ്ട്.

സസ്പെൻഷൻ പിൻവലിക്കുന്നതുവരെ പുനിയയ്ക്ക് ഏതെങ്കിലും ടൂർണമെന്റിലോ ട്രയൽസിലോ പങ്കെടുക്കാൻ സാധിക്കുകയില്ല. സസ്പെൻഷൻ തുടരുന്നപക്ഷം ഒളിമ്പിക്സിനുള്ള ട്രയൽസിൽനിന്നു പുനിയ വിട്ടുനിൽക്കേണ്ടി വരും.