‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ ഗംഭീരം; നിവിനെയും മമിതയെയും ഗിരീഷ് എ.ഡിയെയും പ്രശംസിച്ച് രുക്മിണി വസന്ത്

single-img
5 September 2026

നിവിൻ പോളിയും മമിത ബൈജുവും കേന്ദ്രകഥാപാത്രങ്ങളായി ഗിരീഷ് എ.ഡി. സംവിധാനം ചെയ്ത ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’നെ പ്രശംസിച്ച് നടി രുക്മിണി വസന്ത്. കുടുംബത്തോടൊപ്പം ചിത്രം കണ്ട തനിക്ക് തിയേറ്ററിൽ ചിരി നിർത്താൻ കഴിഞ്ഞില്ലെന്നും മികച്ചൊരു സിനിമാനുഭവമാണ് ലഭിച്ചതെന്നും നടി പറഞ്ഞു. ചിത്രത്തിന്റെ അണിയറപ്രവർത്തകരാണ് രുക്മിണി വസന്തിന്റെ പ്രതികരണ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചത്.

നിവിൻ പോളിയുടെയും മമിത ബൈജുവിന്റെയും വലിയ ആരാധികയാണെന്നും രുക്മിണി വസന്ത് വ്യക്തമാക്കി. സംവിധായകൻ ഗിരീഷ് എ.ഡിയുടെ മേക്കിങ് രീതിയെയും നടി വാനോളം പ്രശംസിച്ചു. ചിത്രത്തിലെ സംഗീതം ഏറെ ഗംഭീരമായിരുന്നെന്നും മമിത ബൈജുവിന്റെ പ്രകടനം ഏറെ പ്രസന്നത നിറഞ്ഞതായിരുന്നെന്നും അവർ പറഞ്ഞു.

ചിത്രത്തിൽ പ്രവർത്തിച്ച എല്ലാവരും മികച്ച പ്രകടനമാണ് കാഴ്ചവെച്ചതെന്നും പ്രേക്ഷകർക്ക് ഇത്രയും മനോഹരമായൊരു സിനിമ സമ്മാനിച്ചതിന് അണിയറപ്രവർത്തകർക്ക് നന്ദിയുണ്ടെന്നും രുക്മിണി വസന്ത് കൂട്ടിച്ചേർത്തു.

അതേസമയം, ചിത്രത്തിന്റെ തമിഴ്, തെലുങ്ക് അന്യഭാഷാ പതിപ്പുകളും അടുത്തിടെ പുറത്തിറങ്ങിയിരുന്നു. ഓണക്കാലത്ത് തിയേറ്ററുകളിലെത്തിയ ചിത്രം മികച്ച പ്രതികരണം നേടി പുതിയ കളക്ഷൻ റെക്കോർഡുകൾ സ്വന്തമാക്കി വിജയകരമായ പ്രദർശനം തുടരുകയാണ്.