കേരള ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് സ്ഥാപനത്തിൻറെ സ്വത്തുക്കൾ കണ്ടുകെട്ടും

single-img
10 January 2024

കേരള ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് സ്ഥാപനത്തിൻറെ സ്വത്തുക്കൾ കണ്ടുകെട്ടും. ബഡ്സ് (ബാനിങ് ഓഫ് അൺറെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീംസ്) ആക്ട് 2019 നിയമത്തിലെ വ്യവസ്ഥകൾക്ക് വിരുദ്ധമായി പൊതുജനങ്ങൾക്ക് അമിത പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കുകയും നിക്ഷേപകർ ആവശ്യപ്പെട്ടിട്ടും പണം തിരികെ നൽകാതെ വഞ്ചനാകുറ്റം ചെയ്തിട്ടുള്ളതായി ബോധ്യപ്പെട്ടതിന്റെയും അടിസ്ഥാനത്തിലാണ് തൃശൂർ ജില്ലയിലെ ഷൊർണൂർ റോഡിൽ പ്രവർത്തിക്കുന്ന കേരള ഹൗസിങ് ഫിനാൻസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെയും സ്ഥാപന ഉടമകളുടെയും പേരിലുള്ള സ്വത്തുക്കൾ താൽക്കാലികമായി ജപ്തി ചെയ്ത് കണ്ടുകെട്ടുന്നതിന് ജില്ലാ കളക്ടർ ഉത്തരവിട്ടത്.

ഉത്തരവിന്റെയും നിർദ്ദേശത്തിന്റെയും അടിസ്ഥാനത്തിൽ കേരള ഹൗസിംഗ് ഫിനാൻസ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെയും സ്ഥാപന ഉടമകളുടെയും മറ്റ് പ്രതികളുടെയും ജില്ലയിലെ എല്ലാ സ്ഥാവര ജംഗമ വസ്തുക്കളും തിട്ടപ്പെടുത്തി കണ്ടുകെട്ടുന്നതിനുള്ള നടപടികൾ തഹസിൽദാർ ആരംഭിച്ചു. പ്രതികളുടെ സ്ഥാവര സ്വത്തുക്കളുടെ മഹസ്സർ തയ്യാറാക്കി ലൊക്കേഷൻ സ്കെച്ച്, തണ്ടപേർ പകർപ്പ് എന്നിവയുൾപ്പെടെ റിപ്പോർട്ട് സമർപ്പിക്കും. പ്രതികളുടെ സ്ഥാവര സ്വത്തുക്കളുടെ പട്ടിക തയ്യാറാക്കി വില്പന തടയുന്നതിന് ജില്ലാ രജിസ്ട്രാർക്ക് റിപ്പോർട്ട് സമർപ്പിക്കും.

പ്രതികളുടെ പേരിൽ ജില്ലയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ മോട്ടോർ വാഹനങ്ങളുടെയും പട്ടിക തൃശ്ശൂർ റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസർ തയ്യാറാക്കി ജില്ലാ പോലീസ് മേധാവിക്ക് അടിയന്തരമായി കൈമാറും. പ്രതികളുടെ പേരിൽ ജില്ലയിലെ ബാങ്കുകൾ / ട്രഷറികൾ / സഹകരണ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ആരംഭിച്ചിട്ടുള്ള എല്ലാതരം അക്കൗണ്ടുകളും ഫിക്സഡ് ഡെപ്പോസിറ്റുകളും മരവിപ്പിക്കുന്നതിന് ആവശ്യമായ നടപടികൾ എല്ലാ സ്ഥാപനമേധാവിമാരും അടിയന്തരമായി സ്വീകരിക്കും. ജില്ലയിലെ എല്ലാ ബാങ്ക് മാനേജർമാർക്കും ഇത് സംബന്ധിച്ചുള്ള അറിയിപ്പ് തൃശൂർ ലീഡ് ബാങ്ക് മാനേജർ നൽകും.

ജില്ലാ ട്രഷറി ഓഫീസർമാർ, കോ- ഓപ്പറേറ്റീവ് സൊസൈറ്റീസ് ജോയിന്റ് രജിസ്ട്രാർ, കെഎഫ്സി ജില്ലാ മാനേജർ, കെ എസ് എഫ് ഇ അസിസ്റ്റൻറ് മാനേജർ, കേരള ബാങ്ക് സി പി സി ഡെപ്യൂട്ടി ജനറൽ മാനേജർ എന്നിവർക്ക് പകർപ്പ് നൽകും. താൽക്കാലിക ജപ്തി സ്ഥിരപ്പെടുത്തുന്നതിന് ഡെസിഗ്നേറ്റഡ് കോടതി മുമ്പാകെ സമയബന്ധിതമായി ഹർജി ഫയൽ ചെയ്യേണ്ടുന്നതിനാൽ കണ്ടുകെട്ടൽ നടപടികൾ സംബന്ധിച്ചുള്ള വിശദാംശങ്ങളടങ്ങിയ റിപ്പോർട്ട് അടിയന്തരമായി കളക്ട്രേറ്റിൽ ലഭ്യമാക്കണമെന്ന് ജില്ലാ മജിസ്ട്രേറ്റ് ജില്ലാ കളക്ടർ വി ആർ കൃഷ്ണതേജ അറിയിച്ചു.