സൈബർ ആക്രമണങ്ങൾ മടുപ്പിച്ചു; സോഷ്യൽ മീഡിയ ഉപേക്ഷിച്ചതിന്റെ കാരണം വെളിപ്പെടുത്തി ഐശ്വര്യ ലക്ഷ്മി

മലയാളികൾക്ക് സുപരിചിതയായ നടി ഐശ്വര്യ ലക്ഷ്മി സോഷ്യൽ മീഡിയ അക്കൗണ്ടുകൾ ഡിലീറ്റ് ചെയ്തതിന്റെ കാരണം വ്യക്തമാക്കി. രണ്ടുതവണ സൈബർ ആക്രമണങ്ങൾ നേരിടേണ്ടിവന്നതും സോഷ്യൽ മീഡിയയിലെ അധിക്ഷേപങ്ങളും ആക്രമണോത്സുകമായ പെരുമാറ്റവും മടുപ്പിച്ചതുമാണ് പിന്മാറാനുള്ള കാരണമെന്ന് താരം പറഞ്ഞു.
സോഷ്യൽ മീഡിയയിൽ ആളുകൾ പരസ്പരം ഉപയോഗിക്കുന്ന വാക്കുകളും മറ്റുള്ളവരെ ആക്രമിച്ച് ഇല്ലാതാക്കാനുള്ള പ്രവണതയും നിരാശയുണ്ടാക്കിയതായി ഐശ്വര്യ ലക്ഷ്മി വ്യക്തമാക്കി. സിനിമകളുടെ പോസ്റ്ററുകൾ പങ്കുവെക്കാനും ചില വിഷയങ്ങളിൽ വിശദീകരണം നൽകാനും മാത്രമായി ഒരു സോഷ്യൽ മീഡിയ പേജ് നിലനിർത്തേണ്ടതുണ്ടോ എന്ന ചിന്തയാണ് ഒടുവിൽ അക്കൗണ്ടുകൾ ഒഴിവാക്കാനുള്ള തീരുമാനത്തിലേക്ക് നയിച്ചതെന്നും താരം പറഞ്ഞു.
വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഐശ്വര്യ ലക്ഷ്മി ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്. മലയാള സിനിമയിലൂടെ അഭിനയരംഗത്തെത്തിയ താരം പിന്നീട് തെന്നിന്ത്യൻ സിനിമയിലും ശ്രദ്ധേയ സാന്നിധ്യമായി മാറിയിരുന്നു.


