എന്റെ കുടുംബത്തിലോ മകളിലോ കയറി കളിച്ചാൽ വെറുതെ വിടില്ല; മകൾ ദയയെ ലക്ഷ്യമിട്ട് നടക്കുന്ന അധിക്ഷേപങ്ങൾക്കെതിരെ നടി മഞ്ജു പിള്ള

single-img
18 July 2026

സമൂഹമാധ്യമങ്ങളിൽ തങ്ങളുടെ മകൾ ദയയെ ലക്ഷ്യമിട്ട് നടക്കുന്ന അധിക്ഷേപങ്ങൾക്കെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് നടി മഞ്ജു പിള്ള. വ്ലോഗർ ഷെഫീന ബീവി ദയയുടെ വസ്ത്രധാരണത്തെ അധിക്ഷേപിച്ച് സംസാരിച്ചതോടെയാണ് വിഷയം വീണ്ടും ചർച്ചയായത്. നെഗറ്റീവ് കമന്റുകൾക്ക് മറുപടിയുമായി മുമ്പ് മഞ്ജു പിള്ള നൽകിയ അഭിമുഖം ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

തന്റെ കുടുംബത്തെ അധിക്ഷേപിക്കുന്നവരോട് ഒരു തരത്തിലുള്ള വിട്ടുവീഴ്ചയുമില്ലെന്ന നിലപാടാണ് താരം സ്വീകരിക്കുന്നത്. “മറ്റുള്ളവരുടെ ജീവിതം വിറ്റ് ജീവിക്കുന്ന അസുഖം ബാധിച്ച ഒരു വിഭാഗം ആളുകൾ സോഷ്യൽ മീഡിയയിലുണ്ട്. കഷ്ടപ്പെട്ട് ജോലി ചെയ്ത് ജീവിക്കാൻ ഇവർക്ക് കഴിയില്ല, പകരം ഇരുട്ടിലിരുന്ന് കമന്റുകൾ ഇടാനേ ഇവർക്ക് അറിയൂ. ഇവർ പറയുന്ന കമന്റുകൾക്ക് വേണ്ടി എന്റെ ജീവിതം കളയാൻ ഞാനില്ല,” മഞ്ജു പിള്ള വ്യക്തമാക്കി.

തന്റെ മകൾക്കെതിരെ ഉയരുന്ന അധിക്ഷേപങ്ങളെ വളരെ ഗൗരവമായാണ് മഞ്ജു കാണുന്നത്. “മകളുടെ ഫോട്ടോയ്ക്ക് താഴെ മോശം കമന്റ് ഇട്ട ആളെ അന്വേഷിച്ചപ്പോൾ അത് ആഫ്രിക്കയിൽ താമസിക്കുന്ന മലയാളിയാണെന്ന് കണ്ടെത്തിയിരുന്നു. എന്നെ എന്തു പറഞ്ഞാലും കുഴപ്പമില്ല, പക്ഷേ എന്റെ കുടുംബത്തിലോ മകളിലോ കയറി കളിച്ചാൽ വെറുതെ വിടില്ല. കൈയിൽ കിട്ടിയാൽ കാല് തല്ലിയൊടിക്കും. എന്റെ കൊച്ചിനെ എന്തെങ്കിലും പറഞ്ഞാൽ എല്ലാത്തിനെയും പൂട്ടും,” എന്ന് താരം ആഞ്ഞടിച്ചു.

ഒരാളുടെ സൗന്ദര്യത്തെ താരതമ്യം ചെയ്ത് മകളെ അപമാനിക്കാൻ ശ്രമിക്കുന്നവരോട് ‘അമ്മയല്ലേ’ എന്ന ലളിതമായ മറുപടി കൊണ്ട് മകൾ തന്നെ മറുപടി നൽകിയിട്ടുണ്ടെന്നും മഞ്ജു ഓർമ്മിപ്പിച്ചു. ഇത്തരം വ്യാജ അക്കൗണ്ടുകൾ വഴിയുള്ള ആക്രമണങ്ങൾക്ക് പിന്നിലുള്ളവരുടെ മാനസികാവസ്ഥയെ സഹതാപത്തോടെ മാത്രം കാണാനാണ് മഞ്ജു പിള്ളയ്ക്ക് താല്പര്യം.