തമിഴിലേക്ക് വീണ്ടും നടി മമിത ബൈജു; ലവ് ടുഡേ ഫെയിം പ്രദീപ് രംഗനാഥനുമായി ഒന്നിക്കുന്നു

single-img
29 May 2024

തമിഴിലേക്ക് വീണ്ടും നടി മമിത ബൈജു. മമിത പുതിയ ചിത്രത്തിൽ ലവ് ടുഡേ ഫെയിം പ്രദീപ് രംഗനാഥനുമായി കൈകോർക്കും. സുധ കൊങ്ങരയുടെ സഹസംവിധായകൻ കീർത്തിശ്വരനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പുതുമുഖമായ നികേഷ് ആർഎസ് സംവിധാനം ചെയ്ത ജിവി പ്രകാശ് നായകനായ റിബൽ എന്ന ചിത്രത്തിലൂടെയാണ് മമിത ബൈജു തമിഴ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്.

ഈ വർഷം മാർച്ചിൽ റിലീസ് ചെയ്ത സിനിമയ്ക്ക് ശരാശരിയിലും താഴെ പ്രതികരണമാണ് ലഭിച്ചത്. മാത്രമല്ല , ആദ്യം സൂര്യയെ നായകനാക്കി നിശ്ചയിച്ചിരുന്ന വണങ്ങാനിലും നടി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ തീരുമാനിച്ചിരുന്നു. എന്നാൽ, തിരക്കഥയിൽ വന്ന മാറ്റങ്ങളോടെ മമിത ചിത്രത്തിൽ നിന്ന് പിന്മാറുകയായിരുന്നു.

വിഘ്നേഷ് ശിവൻ സംവിധാനം ചെയ്യുന്ന എൽഐസി: ലവ് ഇൻഷുറൻസ് കോർപ്പറേഷൻ്റെ ചിത്രീകരണത്തിലാണ് പ്രദീപ് രംഗനാഥൻ ഇപ്പോൾ. യോഗി ബാബു, മുഹമ്മദ് റസൂൽ, ഗൗരി ജി. കിഷൻ, ഷാര എന്നിവരോടൊപ്പം എസ് ജെ സൂര്യ, കൃതി ഷെട്ടി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.